കോട്ടയം: ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ നഗരത്തിന്റെ പരിസരപ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങിയതോടെ ഗതാഗതം തടസപ്പെട്ടു. കോട്ടയം - കുമരകം റോഡിൽ വേളൂരിലും ഇല്ലിക്കലിലും താഴത്തങ്ങാടിയിലും അടക്കമുള്ള സ്ഥലങ്ങളിൽ ജല നിരപ്പ് ക്രമാതീതമായി ഉയർന്നിരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ ഉള്ളവർ ഇപ്പോഴും ഇവിടെ തന്നെ കഴിയുകയാണ്. മഴ രണ്ടു ദിവസം കൂടി മാറി നിന്നെങ്കിൽ മാത്രമേ ഇവർക്ക് വീട്ടിലേയ്‌ക്കു പോകാൻ സാധിക്കൂ.

മഴയും വെള്ളക്കെട്ടും ശക്തമായതോടെ കെ.എസ്.ആർ.ടി.സി ഗ്രാമീണ മേഖലയിലേയ്‌ക്കുള്ള സർവീസുകൾ പൂർണമായും നിറുത്തി വച്ചു. ഇന്നലെ കുമരകം, അയ്‌മനം, പരിപ്പ്, തിരുവാർപ്പ് മേഖലകളിലേയ്‌ക്ക് കെ.എസ്.‌ആർ.ടി.സി സ്വകാര്യ ബസുകൾ സർവീസ് നടത്തിയതേയില്ല. ഇതോടെ ഈ പ്രദേശങ്ങൾ ആകെ ഒറ്റപ്പെട്ട സ്ഥിതിയിലായി.

പാറമ്പുഴ, ഇറഞ്ഞാൽ, കാഞ്ഞിരം, ആർപ്പൂക്കര പ്രദേശങ്ങൾ പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്. ആലപ്പുഴ, കുമരകം റൂട്ടിലും യാത്രാക്ളേശം രൂക്ഷമാണ്. എ.സി. റോഡിൽ വെള്ളം കയറിയതിനെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതവും മുടങ്ങി. ഇല്ലിക്കൽ, താഴത്തങ്ങാടി, പതിനാറിൽചിറ, പതിനഞ്ചിൽക്കടവ് മേഖലകളിലേയ്ക്കും വാഹനസൗകര്യമില്ല. മണർകാട് നാലുമണിക്കാറ്റ് വിശ്രമകേന്ദ്രത്തിന് സമീപം റോഡിൽ വെള്ളം കയറിയതും പാറമ്പുഴ ഭാഗത്തേയ്ക്കുള്ള യാത്രാമാർഗം അടച്ചു. ഇല്ലിക്കൽ റോഡിലും, തിരുവാർപ്പ് റോഡിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ശനിയാഴ്ച വൈകിട്ട് ബസ് സർവീസ് പൂർണമായും അവസാനിപ്പിക്കുകുകയായിരുന്നു. കുമരകം റോഡും, എ.സി. റോഡും വെള്ളത്തിലായത് കോട്ടയം ആലപ്പുഴ യാത്ര ഏറെ ദുഷ്കരമായിരിക്കുകയാണ്. കോട്ടയം ആലപ്പുഴ ബോട്ട് സർവീസ് കോടിമതയിൽ നിന്ന് ആരംഭിക്കണമെന്ന ആവശ്യം ഇതോടെ വീണ്ടും ശക്തമാവുകയാണ്.

വെള്ളം കയറാത്ത സ്ഥലങ്ങളിൽ ഞായറാഴ്‌ചയുടെ ആലസ്യം മുതലെടുത്ത് സ്വകാര്യ ബസുകൾ സ‌ർവീസ് മുടക്കുക കൂടി ചെയ്‌തതോടെ നഗരത്തിലെ പല സ്ഥലത്തും സർവീസുകൾ നടക്കാത്ത അവസ്ഥയായി. നഗരത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സന്നദ്ധ സംഘടനകളും ആളുകളും ഭക്ഷണം എത്തിച്ചു നൽകിയിരുന്നു.

സഹായവുമായി ഹോട്ടൽ അസോസിയേഷനും

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിക്കുന്നതിനായി ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷനും രംഗത്ത് എത്തിയിരുന്നു. ജില്ലാ കളക്‌ടറുടെയും തഹസീൽദാരുടെയും നഗരസഭ സെക്രട്ടറിയുടെയും അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലാണ് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭക്ഷണ വിതരണം ഏറ്റെടുത്തത്. നഗരത്തിലെ വിവിധ ക്യാമ്പുകളിൽ ഭക്ഷണം വിതരണം ചെയ്‌തത് ഹോട്ടൽ അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു. ആയിരത്തോളം ഭക്ഷണപ്പൊതികളാണ് അസോസിയേഷൻ വിതരണം ചെയ്‌തത്.