തലയോലപ്പറമ്പ്: അഞ്ച് ദിവസമായി തുടർച്ചയായി പെയ്ത കനത്ത മഴക്ക് ഇന്നലെ നേരിയ ശമനം വന്നതോടെ മൂവാറ്റുപുഴയാറിലെ ജലനിരപ്പ് താഴ്ന്ന് വെള്ളം ഇറങ്ങി തുടങ്ങി. ഉയർന്ന പ്രദേശത്തെ വെള്ളം കുറഞ്ഞെങ്കിലും വെള്ളം കൂടുതൽ എത്തിയതോടെ താഴ്ന്ന പ്രദേശങ്ങളിലെ ദുരിതം മാറ്റമില്ലാതെ തുടരുന്നു. മഴയ്ക്ക് കുറവുണ്ടായെങ്കിലും വൈക്കം തലയോലപ്പറമ്പ് റോഡ് ,വെട്ടിക്കാട്ട് മുക്ക് വെള്ളൂർ റോഡ് എന്നിവിടങ്ങളിലെ ഗതാഗതം ഇനിയും പൂർണ്ണമായും പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഉൾപ്രദേശങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഒടിഞ്ഞ് വീണ നിരവധി വൈദ്യുതി പോസ്റ്റുകൾ ഇനിയും മാറ്റി സ്ഥാപിക്കാൻ കഴിയാത്തതിനാൽ വൈദ്യുതി ബന്ധവും പല ഇടങ്ങളിലും പുനസ്ഥാപിച്ചിട്ടില്ല. തലയോലപ്പറമ്പ് വെള്ളൂർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളായ കരിപ്പാടം, വെട്ടിക്കാട്ട് മുക്ക്, ചെറുകര, പുത്തൻചന്ത, തുടങ്ങിയ പ്രദേശങ്ങളിലെ വെള്ളം ഇറങ്ങി തുടങ്ങി. ഭവനങ്ങളിൽ നിന്നും വെള്ളം ഇറങ്ങാത്തതിനാൽ കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പിൽ കഴിയുന്നുണ്ട്. പെട്ടന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി കർഷകർക്ക് തങ്ങളുടെ കൃഷിയും ,വളർത്തു മൃഗങ്ങളെയും നഷ്ട്ടപ്പെട്ടിട്ടുണ്ട്.
മഴയുടെ ശക്തി കുറയുകയാണെങ്കിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തിരികെ സ്വന്തം വീടുകളിലേക്ക് പോകാം എന്ന പ്രതീക്ഷയിലാണ് ക്യാമ്പുകളിൽ കഴിയുന്ന ഓരോ കുടുംബത്തിനും ഉള്ളത്. വൈക്കം താലൂക്കിൽ 21 ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. വിവിധ ക്യാമ്പുകളിലായി 10000 ൽ അധികം ആളുകൾ കഴിയുന്നുണ്ട്. ഏറ്റവും അധികം ആളുകൾ കഴിയുന്നത് വല്ലകം സെന്റ് മേരീസ് സ്‌കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിലാണ്. മന്ത്രി പി. തിലോത്തമൻ, എം. പി തോമസ് ചാഴിക്കാടൻ ,സി.കെ ആശഎം എൽ എ, ജില്ലാ കളക്ടർ പി.കെ സുധീർ ബാബു തുടങ്ങിയവർ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു.
വൈക്കം താലൂക്കിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ
വിവിധ ക്യാമ്പുകളിലായി 10000ൽ അധികം പേർ
ക്യാമ്പുകളും കണക്കുകളും
വടയാർ, കോരിക്കൽ, പഴംമ്പട്ടി, പന്ത്രണ്ടിൽ, തേവലക്കാട്, മനക്കക്കരി തുടങ്ങിയ പ്രദേശത്ത് വെള്ളം കൂടിയതിനെ തുടർന്ന് 40 ഓളം കുടുംബങ്ങൾ ഇന്നലെ ഏ.ജെ ജോൺ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ എത്തി.
മിഠായിക്കുന്ന്, അടിയം, വെട്ടിക്കാട്ട് മുക്ക് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശത്ത് വെള്ളം എത്തിയതോടെ 10 ഓളം കുടുംബങ്ങൾ തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലും എത്തിയിട്ടുണ്ട്
ഏ.ജെ ജോൺ സ്‌കൂളിൽ 180 കുടുംബങ്ങളിൽ നിന്നായി 520 പേരും ഡി.ബി കോളേജിൽ 32 കുടുംബങ്ങളിൽ നിന്നായി 120 പേരും ക്യാമ്പിൽ കഴിയുന്നു.
മറവൻതുരുത്ത് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന നാല് ക്യാമ്പുകളിലുമായി 1200 ഓളം പേർ താമസിക്കുന്നുണ്ട്.