കോട്ടയം: അമിത വേഗത്തിൽ എത്തിയ കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു മറിഞ്ഞ് ഓട്ടോഡ്രൈവർക്ക് പരിക്കേറ്റു. മൂലവട്ടം വാലടിച്ചിറയിൽ കെ.കെ സജീവിനാണ് (41) സാരമായി പരിക്കേറ്റത്. ഇയാളെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴരയോടെ ഈരയിൽക്കടവ് ബൈപ്പാസ് റോഡിലായിരുന്നു അപകടം. ഈരയിൽക്കടവ് ഭാഗത്തു നിന്നും അമിത വേഗത്തിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ റോഡിൽ മറിഞ്ഞു. കാറിന്റെ വലതു ഭാഗത്തെ ടയർ പഞ്ചറാകുകയും ചെയ്‌തു.
സംഭവ സ്ഥലത്ത് ചൂണ്ടയിടുകയും വല വീശുകയും ചെയ്യുകയായിരുന്ന പ്രദേശ വാസികൾ ഓടിയെത്തി ഓട്ടോറിക്ഷയിലിരുന്ന സജീവിനെ പുറത്തെടുത്തു. തുടർന്ന് ഇയാളെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. കാർ ഡ്രൈവറെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.