പാലാ : അനീഷ് മോനെ, തുളസിയമ്മേ, ധൈര്യമായിരിക്ക്, ഞങ്ങൾ കൊഴുവനാലുകാർ ഒന്നടങ്കമുണ്ട്, നിങ്ങളോടൊപ്പം; 19 ലക്ഷം രൂപയുണ്ട്. ബാക്കി ഉടൻ തരാം. കൊഴുവനാൽ പഞ്ചായത്ത് നിവാസികളുടെ കാരുണ്യത്തിന് എങ്ങിനെ നന്ദി പറയണമെന്ന് മേവട കുഴിയ്ക്കാട്ട് അനീഷിനും മാതാവ് അമ്മ തുളസിക്കുമറിയില്ല. നിർദ്ധന കുടുംബാംഗമായ അനീഷിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി ഒറ്റ ദിവസം കൊണ്ട് നാട് സമാഹരിച്ചത് 19 ലക്ഷം രൂപയാണ്. നാല് ലക്ഷത്തോളം രൂപ അനീഷിന്റെ പേരിൽ എസ്.ബി.ഐയിൽ തുടങ്ങിയ അക്കൗണ്ടിലുമെത്തി. ഇനിയും കുറച്ചു തുക കൂടി ആവശ്യമുണ്ട്. ഇന്നലെ കയറാത്ത വീടുകളിൽ ഒരു ദിവസം കൂടി സന്ദർശനം നടത്തി ഈ തുക സമാഹരിക്കുമെന്ന് സഹായ നിധി സമാഹരണ സമിതി ഭാരവാഹികൾ പറഞ്ഞു.
കുഴിയ്ക്കാട്ട് മധുസൂദനൻ - തുളസി ദമ്പതികളുടെ മകനാണ് അനീഷ്. ഭാര്യ മാലിനി. 7 വയസുകാരി അനിതയും, 5 വയസുകാരൻ ആദിയുമാണ് മക്കൾ. അലുമിനിയം ഫാബ്രിക്കേഷൻ ജോലിളായിരുന്നു അനീഷിന്. കഴിഞ്ഞ മേയിൽ കണ്ണിൽ രക്തം പൊടിയുന്നതായിരുന്നു തുടക്കം. വിദഗ്ദ്ധ പരിശോധനയിൽ ഇരുവൃക്കകളും തകരിലാറിലാണെന്ന് കണ്ടെത്തി. ഉടൻ വൃക്ക മാറ്റിവയ്ക്കലായിരുന്നു ഏകപോംവഴി. തുളസിയുടെ വൃക്ക അനീഷിന് ചേരും.
എന്നാൽ ചികിത്സാചെലവ് ഇവർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. തുടർന്നാണ് നാട്ടുകാരും ജനപ്രതിനിധികളും സഹായഹസ്തവുമായി എത്തിയത്.