ആലപ്പുഴ: പാടങ്ങളിൽ മടവീഴ്ച തുടങ്ങിയതോടെ കുട്ടനാടിനെ വീണ്ടും കഴിഞ്ഞ പ്രളയത്തിന്റെ ഭീകരത വേട്ടയാടാൻ തുടങ്ങി.
കൈനകരി വടക്കിലെ വലിയകരി, കനകാശേരി, മീനപ്പള്ളി പാടശേഖരങ്ങളിലാണ് മടവീണത്. മൂന്ന് പാടങ്ങളും വെള്ളത്തിൽ മുങ്ങി നിൽക്കുകയാണ്.
കൂടുതൽ പാടശേഖരങ്ങളിൽ മടവീഴുമോ എന്ന ഭീതിയാണിപ്പോൾ. കഴിഞ്ഞ രാത്രിയിലാണ് വെള്ളം കുതിച്ചുകയറിയത്. പല വീടുകളുടെയും മേൽക്കൂര വരെ വെള്ളമായി. വീട്ടു സാധനങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. പ്രളയം കഴിഞ്ഞ് ഒരു വർഷം തികയവേ അതിന്റെ ആവർത്തനമെന്നപോലെ വെള്ളം കലിതുള്ളിയപ്പോൾ നിസ്സഹായകരായി നോക്കി നിൽക്കാനേ പലർക്കും കഴിയുന്നുള്ളൂ.
ഇന്നലെ രാവിലെ ബോട്ടിൽ കൈനകരിയിലെത്തിയ കളക്ടർ ഡോ.അദീല അബ്ദുള്ള മടവീണ പ്രദേശങ്ങൾ കണ്ട് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇവിടത്തെ .65 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ജല ഗതാഗത വകുപ്പിന്റ രണ്ടു ബോട്ടുകളിലും മൂന്നു വാട്ടർ ആംബുലൻസിലും രണ്ട് ഫയർ ആൻഡ് റെസ്‌ക്യൂ ബോട്ടുകളിലുമാണ് ആളുകളെ രക്ഷാകേന്ദ്രങ്ങളിലേക്കു മാറ്റിയത്. നാഷണൽ ഹെൽത്ത് മിഷൻ, ജലഗതാഗത വകുപ്പ്, കെ.എസ്.ആർ.ടി.സി എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിച്ചുകൊണ്ട് കൈനകരിയിൽ ഉള്ളവരെ ഒഴിപ്പിച്ച് മാതാ ജെട്ടിയിലെത്തിച്ച ശേഷം ആലപ്പുഴ എസ്.ഡി.വി ജെ.ബി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു. ക്യാമ്പിലുള്ളവർക്ക് ഭക്ഷണമുൾപ്പെടെ അമ്പലപ്പുഴ തഹസീൽദാറുടെ നേതൃത്വത്തിൽ നൽകുന്നു.
മരക്കൊമ്പുകൾ നീക്കുന്നു
പുളിങ്കുന്ന് പാലത്തിന് താഴെ അടിഞ്ഞുകൂടിയ മരക്കൊമ്പുകളും തടിക്കഷ്ണങ്ങളും നീക്കാൻ ജില്ലാ ദുരന്ത നിവാരണ സെല്ലിന്റെ നിർദ്ദേശപ്രകാരം എൻ.ഡി.ആർ.എഫിന്റെ സഹായം തേടി. ചെങ്ങന്നൂരിൽ അടിയന്തര സഹായത്തിന് നിയോഗിക്കാൻ 12 അംഗ എൻ.ഡി.ആർ.എഫ് സംഘം എൻജിനീയറിംഗ് കോളേജിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുന്നുണ്ട്. സൈന്യത്തിന്റെ 43 പേർ നെടുമുടിയിലെ സ്‌കൂളിൽ ക്യാമ്പ് ചെയ്യുന്നു. മിലിട്ടറിയുടെ 17 പേരെ മുട്ടാറിലേക്കും നിയോഗിച്ചു.
ചെങ്ങന്നൂരിലേക്ക് ബോട്ടുകൾ
രക്ഷാപ്രവർത്തനത്തിന് ഫിഷറീസ് വകുപ്പിന്റെ മൂന്ന് മത്സ്യബന്ധന ബോട്ടുകൾ ആലപ്പുഴയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് അയച്ചു. ഇതിൽ രക്ഷാപ്രവർത്തനത്തിന് സന്നദ്ധരായ മത്സ്യത്തൊഴിലാളികളുമുണ്ട്. ചെങ്ങന്നൂരിലും കുട്ടനാട്ടിലുമാണ് ജില്ലയിൽ ഏറ്റവും കൂടുതൽ ദുരിതം നേരിടുന്നത്.
ദുരിതാശ്വാസ ക്യാമ്പിൽ 2836 പേർ
ജില്ലയിൽ 6 താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലായി 824 കുടുംബങ്ങളിലെ 2836 പേരാണുള്ളത്. ഇതിൽ 447 കുട്ടികൾ 1100 സ്ത്രീകൾ, 956 പുരുഷന്മാർ എന്നിവരാണുള്ളത്. കുട്ടനാട് താലൂക്കിലെ മുട്ടാർ, കൈനകരി നോർത്ത്, കുന്നുമ്മ, പുളിങ്കുന്ന് എന്നീ വില്ലേജുകളിലായി തുറന്നിട്ടുള്ള 156 ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ 6263 കുടുംബങ്ങളിലെ 23,161 പേരാണുള്ളത്. ഇതിൽ 3033 കുട്ടികളും 20,128 മുതിർന്നവരുമാണുള്ളത്. ക്യാമ്പുകളിൽ ഭക്ഷണ വിതരണത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്.