കോട്ടയം: ചന്തക്കടവിലാണെങ്കിൽ സൂക്ഷിച്ചു വേണം വാഹനം ഓടിക്കാൻ. കാൽനടക്കാരും ശ്രദ്ധിക്കണം. ഇല്ലെങ്കിൽ റോഡിൽ തെന്നി വീണ് തലതല്ലും. മഴയും വഴുക്കലുമല്ല കാരണം. വാഴക്കുലയാണ് പ്രശ്നം.

റോഡിലേക്ക് വലിച്ചെറിയുന്ന വാഴക്കുലയുടെ കാളാമുണ്ടവും പച്ചക്കറി അവശിഷ്ടവുമെല്ലാം ചേർന്നുള്ള മിശ്രിതമാണ് വഴുക്കലിന് കാരണം. ലോറികളും മറ്റു വാഹനങ്ങളും കയറിയിറങ്ങി കാളാമുണ്ടം ചതഞ്ഞരയുന്നതോടെ നാട്ടുകാർ തെന്നിവീഴാൻ തുടങ്ങും. പരിസരത്തെ ചില മലക്കറിക്കടക്കാർ തന്നെയാണ് കാളമുണ്ടവും മറ്റും റോഡിലേക്ക് അലക്ഷ്യമായി വലിച്ചെറിയുന്നത്. ഇതു കാരണം ഓട അടയുന്നതും ഇവിടെ പതിവാണ്. ഇതോടെ മലിന ജലം റോഡിലൂടെ പരന്നൊഴുകുകയും ചെയ്യും. മലിനജലത്തിൽ തെന്നിവീഴാതെ നടക്കണമെങ്കിൽ ഏറെ ശ്രദ്ധവേണം.

ചന്തക്കടവിൽ നിന്ന് ഈരയിൽകടവിലേക്ക് തിരിയുന്ന ജംഗ്ഷനിൽ ബൈക്ക് യാത്രക്കാരൻ മലർന്നടിച്ചു വീണത് ഏതാനും ദിവസം മുന്പാണ്. കാളാമുണ്ടത്തിൽ ബൈക്ക് കയറിയതാണ് അപകടകാരണം. പരിക്കുപറ്റിയ ഇയാളെ ചുമട്ടുതൊഴിലാളികളും മറ്റും ചേർന്ന് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. താടിക്കും കാലിലും പരിക്കേറ്റ യുവാവ് രണ്ടു ദിവസത്തിന് ശേഷമാണ് ആശുപത്രി വിട്ടത്.

നഗരസഭയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എല്ലാദിവസവും നഗരസഭ ജീവനക്കാർ ഇവിടം വൃത്തിയാക്കുന്നുണ്ട്. പക്ഷേ, കുറച്ചൊക്കെ വ്യാപാരികളും ശ്രദ്ധിക്കണ്ടേ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. എന്തായാലും എല്ലാവരും ഒരുമിച്ച് ശ്രമിച്ചാൽ ഈ പ്രശ്നം നിഷ്‌പ്രയാസം പരിഹരിക്കാവുന്നതേയുള്ളൂ