രാമപുരം: മരങ്ങാട് റോഡ് കണ്ടാൽ പ്രളയത്തിൽ പുഴ വെള്ളം കയറിക്കിടക്കുന്നതാണെന്ന് തോന്നും. പക്ഷേ അങ്ങനെയല്ല, ഓട അടഞ്ഞതിനാൽ ഒന്നാന്തരം റോഡിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. വാഹനങ്ങൾക്കുമെല്ലാം ദുരിതമായ വെള്ളക്കെട്ട്.
രാമപുരം സെന്റ് അഗസ്റ്റ്യൻസ് ഫെറോനാ പള്ളി, മാർ ആഗസ്തീനോസ് കോളജ് എന്നിവയുടെ മുന്നിലൂടെ പാലായ്ക്കുള്ള വഴിയാണിത്. ദിവസേന നൂറു കണക്കിനു വാഹനങ്ങളും ആയിരക്കണക്കിനു യാത്രക്കാരും സഞ്ചരിക്കുന്ന വഴി. രാമപുരം കോളജ് ഹോസ്റ്റലിന് അപ്പുറം റോഡിലെ കലുങ്ക് കഴിഞ്ഞാൽ വെള്ളക്കെട്ട് തുടങ്ങുകയാണ്. കഴിഞ്ഞ ദിവസത്തെ മഴയിൽ ഇവിടെ മുട്ടൊപ്പം വെള്ളമുണ്ടായിരുന്നു. ഇരുചക്രവാഹനങ്ങളും ഒാട്ടോറിക്ഷകളും കടന്നു പോകാത്തത്ര വെള്ളം.
വെള്ളം അൽപ്പം താഴ്ന്നതോടെ ഇതുവഴി ഓടിയ ചില ഒാട്ടോറിക്ഷകളാകട്ടെ പിന്നീട് തകരാറിലാവുകയും ചെയ്തു. കാൽ നടയാത്രക്കാർ മഴയിൽ ഇതു വഴി നടക്കുന്ന കാര്യം ആലോചിക്കുകയേ വേണ്ട. റോഡിൽ നേരത്തേ ഉണ്ടായിരുന്ന ഓട അടഞ്ഞതോ 'അടച്ചതോ ' ആണ് വെള്ളക്കെട്ടുണ്ടാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. വെള്ളം സമീപത്തെ പുരയിടത്തിലേക്ക് വാർന്ന് പോകാൻ ഒരു ഓവ് സ്ഥാപിച്ചിരുന്നെങ്കിലും അതും ഇപ്പോൾ അടഞ്ഞ അവസ്ഥയിലാണ്.
വെള്ളക്കെട്ട് വിഷയം തീർക്കാൻ പൊലീസും !
രാമപുരം: മരങ്ങാട് റോഡിലെ വെള്ളക്കെട്ട് പ്രശ്‌നം രൂക്ഷമായപ്പോൾ നാട്ടുകാർ പൊലീസിനെ വിളിച്ചു വരുത്തി.
സംഭവം ഇങ്ങനെ : റോഡിലെ വെള്ളക്കെട്ട് യാത്രക്കാർക്കാകെ ബുദ്ധിമുട്ടായപ്പോൾ ഇത് ഒഴുക്കി വിടാൻ പരിസരവാസികൾ തൂമ്പകളും മറ്റു പണി ആയുധങ്ങളുമായി സ്ഥലത്തെത്തി. ഗവ. മെഡിക്കൽ ഓഫീസർ ഡോ. യശോധരൻ, രാമപുരം മാർ ആഗസ്തീനോസ് കോളജ് ബർസാർ ഷാജി ആറ്റുപുറം, അദ്ധ്യാപകനായ സോണി, രാമപുരത്തെ ബിസിനസുകാരനായ ചോലിക്കര കുട്ടിച്ചൻ എന്നിവരുൾപ്പെട്ട സംഘമാണ് റോഡ് ശുചീകരണത്തിനിറങ്ങിയത്. രാമപുരം പഞ്ചായത്ത് മെമ്പർ സെല്ലിയുടെ ഭർത്താവ് ജോർജും ഇവർക്കൊപ്പം കൂടി . ഇവർ നടത്തിയ സ്ഥല പരിശോധനയിൽ ഒരു സ്വകാര്യ വ്യക്തി റോഡിൽ നിന്നുള്ള ഓവ് അടച്ചതാണ് പെട്ടെന്ന് വെള്ളക്കെട്ടുണ്ടാകാൻ കാരണമെന്ന് കണ്ടെത്തി. ഇക്കാര്യം അറിയിക്കാൻ സ്വകാര്യ വ്യക്തിയുടെ വീട്ടിലെത്തിയ പഞ്ചായത്ത് മെമ്പറുടെ ഭർത്താവിനെ സ്ഥലമുടമ ആക്ഷേപിച്ച് ഇറക്കിവിട്ടു. ഇതോടെ വെള്ളക്കെട്ട് ഒഴിവാക്കൽ നടക്കില്ലെന്ന് ബോദ്ധ്യമായി. നാട്ടുകാർ പി.ഡബ്ല്യൂ.ഡി അധികാരികളെ വിവരം അറിയിച്ചെങ്കിലും അവർ സ്ഥലത്തെത്തിയുമില്ല. മദ്ധ്യസ്ഥർ ഇടപെട്ടിട്ടും വെള്ളക്കെട്ടൊഴുക്കാൻ ഓവ് തുറക്കാൻ സ്വകാര്യ വ്യക്തി തയ്യാറാകാതെ വന്നതോടെയാണ് പഞ്ചായത്ത് മെമ്പർ രാമപുരം പൊലീസിന്റെ സഹായം തേടിയത്. പൊലീസ് എത്തിയപ്പോഴേയ്ക്കും സ്ഥലമുടമ വീടുപൂട്ടി സ്ഥലം വിട്ടതോടെ വീണ്ടും പ്രശ്‌നമായി.