വൈക്കം: പ്രളയകയത്തിൽ നിന്നും അഭയം തേടി ക്യാമ്പിലെത്തിയവർക്ക് അന്നമൂട്ടാൻ വിഭവങ്ങളുമായി സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും എത്തി. ഹയർസെക്കൻഡറി വിഭാഗം എൻ. എസ്. എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ ഭക്ഷണസാധനങ്ങളും, പുതുവസ്ത്രങ്ങളും, കുടിവെള്ളവും അഭയാർത്ഥി ക്യാമ്പുകളിൽ ആശ്വാസമായി. ഗവ. ഗേൾസ് ഹൈസ്‌കൂൾ, ചാലപ്പറമ്പ് ടി. കെ. മാധവൻ സ്‌കൂൾ, തോട്ടകം ഗവ. എൽ. പി. എസ്. എന്നീ സ്‌കൂളുകളിൽ കഴിയുന്നവർക്ക് വാങ്ങിയ സാധനങ്ങൾ തഹസിൽദാർ എസ്. ശ്രീജിത്ത് ഏറ്റുവാങ്ങി. ഡെപ്യൂട്ടി തഹസിൽദാർ ആർ. സുരേഷ്, പ്രിൻസിപ്പാൾ ഷാജി ടി. കുരുവിള, പ്രോഗ്രാം ഓഫീസർമാരായ മഞ്ജു എസ്. നായർ, റ്റി. പി. അജിത്ത്, അദ്ധ്യാപകരായ മിനി വി. അപ്പുക്കുട്ടൻ, രജി എസ്. നായർ, കെ. ബിന്ദുരാജ്, സ്‌നേഹ എം. വേണു എന്നിവർ പങ്കെടുത്തു.