കോട്ടയം: വിയർപ്പിറ്റിച്ച് നെല്ലുകിളിപ്പിച്ച മണ്ണിൽ അന്ന് അർദ്ധരാത്രി മടപൊട്ടിയൊഴുകിയത് കർഷകരുടെ കണ്ണുനീരായിരുന്നു. വെള്ളം കൺമുന്നിലൂടെ കുതിച്ചൊഴുകുമ്പോൾ, തടഞ്ഞു നിർത്താൻ ചങ്കൂറ്റം മാത്രമായിരുന്നു ആർപ്പൂക്കര ആര്യാട്ടിടം കണിച്ചേരി പൂവത്തുശേരിൽ തങ്കപ്പൻ വാസുവിനുണ്ടായിരുന്നത്. പക്ഷേ, ആ മലവെള്ളപ്പാച്ചിലിനെ തടഞ്ഞു നിർത്താൻ അതു മതിയാവുമായിരുന്നില്ല.
ആർപ്പൂക്കര വെസ്റ്റിലെ എസ്.എൻ.ഡി.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിന്റെ വരാന്തയിൽ ഭാര്യയ്‌ക്കൊപ്പമിരുന്ന് ചൂട് കട്ടൻകാപ്പി കുടിക്കുമ്പോഴും തങ്കപ്പന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
തങ്കപ്പനടക്കം നൂറ് കർഷകർ 85 ദിവസം മുൻപ് സ്വപ്‌നം വിതച്ച ആര്യാട്ടിടത്തെ നൂറ് ഏക്കർ പാടശേഖരമാണ് കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രിയിലുണ്ടായ പെരുമഴയിൽ മടപൊട്ടി നശിച്ചത്. അര ഏക്കറിൽ തങ്കപ്പൻ കൃഷിയിറക്കിയിരുന്നു. മൂന്നു ലക്ഷം രൂപ മുടക്കിയാണ് കർഷക സമിതി പുറം ബണ്ട് നിർമ്മിച്ചത്. എന്നാൽ, പെരുമഴ തുടങ്ങി അഞ്ചു ദിവസം പിന്നിട്ടതോടെ മടയും അപകടത്തിലായി. കഴിഞ്ഞ വെള്ളിയാഴ്‌ച പുലർച്ചെ മൂന്നു മണിയോടെ തങ്കപ്പന്റെ വീടിനു മുന്നിലെ മടയാണ് പൊട്ടിയത്. ഇതു കണ്ട് ഭാര്യ പൊന്നമ്മയ്ക്കൊപ്പം പെരുമഴയത്ത് ചാടിയിറങ്ങി. അയൽവാസികളായ കർഷകരെയും കൂട്ടി മട വീണ്ടെടുക്കാൻ ശ്രമിച്ചു. എന്നാൽ, വെള്ളത്തിന്റെ കരുത്തിന് മുന്നിൽ കർഷകരുടെ മനക്കരുത്ത് തോൽക്കുകയായിരുന്നു.
20000 മുതൽ 25000 രൂപ വരെയാണ് ഒരു ഏക്കറിന് കർഷകർ മുടക്കിയിരുന്നത്. നാൽപ്പത് ദിവസം കൂടി പിന്നിട്ടിരുന്നെങ്കിൽ കൊയ്യാൻ സാധിക്കുമായിരുന്നു. പാടശേഖര സമിതിയുടെ നേതൃത്വത്തിൽ നൂറ് ഏക്കറും ഇൻഷ്വർ ചെയ്‌തിട്ടുണ്ട്. എന്നാൽ, മുടക്കിയ പണം മാത്രമേ ഇൻഷ്വറൻസ് തുകയായി ലഭിക്കൂ. ഈ സാഹചര്യത്തിൽ മുന്നോട്ട് എന്തു ചെയ്യുമെന്ന ആശങ്കയിലാണ് കർഷകർ.
കഴിഞ്ഞ തവണ സർക്കാർ സഹായിച്ചു
കഴിഞ്ഞ പ്രളയകാലത്തും വൻ തിരിച്ചടിയാണ് പാടശേഖരത്തിലെ കർഷകർ നേരിട്ടത്. അര്യാട്ടിടം പാടത്തെ നെല്ല് പൂർണമായും നശിച്ചു പോവുകയായിരുന്നു. എന്നാൽ, കൃത്യമായി സർക്കാർ സഹായം ലഭിച്ചുവെന്ന് പാടശേഖര സമിതി സെക്രട്ടറി മുട്ടത്ത്കരിയിൽ എം.എം അലക്‌സ് പറഞ്ഞു. എന്നാൽ, വർഷകാലത്ത് ഇതേ പാടത്തു നിന്നും ഏക്കറിന് 30 മുതൽ 35 ക്വിന്റൽ വരെ നെല്ലാണ് ലഭിച്ചത്. ഇത്തവണ ഇതിലേറെ വിളവ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, എല്ലാം നിരാശയിലാക്കിയാണ് മഴയെത്തിയത്. തൊട്ടടുത്ത് തന്നെയുള്ള പായിവെട്ടം കറുകപ്പാടത്തും കൃഷിയിറക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു. എന്നാൽ, ഇവിടെ വിത്തിറക്കാതിരുന്നതിനാൽ നാശ നഷ്‌ടത്തിന്റെ തോത് കുറഞ്ഞു.