പൊൻകുന്നം: പടപേടിച്ച് പന്തളത്തു ചെന്നപ്പം പന്തം കൊളുത്തി പട എന്നു പറഞ്ഞ അവസ്ഥയിലാണ് പൊൻകുന്നം റോയൽ ബൈപാസ് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ. ഡോ.എൻ ജയരാജ് എം.എൽ.എയുടെ വീട്ടിൽ നിവേദനം സമർപ്പിക്കാനെത്തിയതായിരുന്നു ഇവർ. പ്രദേശത്ത് ജലവിതരണക്കുഴലുകൾ പൊട്ടിക്കിടക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷത്തിലേറെയായി.വീടുകളിലൊന്നും വെള്ളമെത്തുന്നില്ലെങ്കിലും വാട്ടർ അതോറിട്ടിയുടെ ബില്ല് കൃത്യമായി എത്തുന്നുണ്ട്.കഴിഞ്ഞ മാസങ്ങളിൽ എണ്ണായിരത്തിന്റേയും പതിനായിരത്തിന്റേയും ബില്ലുകളാണ് വീടുകളിലെത്തിയത്.ഉപയോഗിക്കാത്ത വെള്ളത്തിന്റെ പേരിൽ ഇത്രയും വലിയ തുകയ്ക്കുള്ള ബില്ല് വന്നകാര്യം എം.എൽ.എയെ ധരിപ്പിച്ച് പരിഹാരം കാണാനും പൊട്ടിയ പൈപ്പുകൾ മാറ്റി ജലവിതരണം പുന:സ്ഥാപിക്കാൻ നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എം.എൽ.എയുടെ വീട്ടിലെത്തിയത്. പരാതിയും പരിഭവങ്ങളും കേട്ട എം.എൽ.എ അകത്തുപോയി ഒരു ബില്ലുമായാണ് മടങ്ങിവന്നത്. രണ്ടുവർഷമായി വീട്ടിലെ പൈപ്പ് ലൈനിൽ വെള്ളമെത്തുന്നില്ലെങ്കിലും ഡോ.എൻ.ജയരാജിന് വാട്ടർ അതോറിട്ടി നൽകിയത് 21562 രൂപയുടെ ബില്ല്. അതോറിട്ടിയുടെ നെടുംകുന്നം ഓഫീസിൽ നിന്നാണ് ചമ്പക്കരയിലെ ഇന്ദീവരം വീട്ടിൽ ഡോ.എൻ.ജയരാജിന് കിട്ടാത്ത വെള്ളത്തിന് ഇത്രയും തുകയുടെ ബില്ല് നൽകിയത്. എം.എൽ.എയുടെ അവസ്ഥ ഇതാണങ്കിൽ തങ്ങൾ ഇനി ആരോടാണ് പരാതി പറയേണ്ടത് എന്നാണ് റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ ചോദിക്കുന്നത്.