കോട്ടയം: കനത്ത മഴയിൽ പാടവും തോടും നിറഞ്ഞൊഴുകി ആർപ്പൂക്കരയും പരിസരവും വെള്ളത്തിൽ മുങ്ങി. ആർപ്പൂക്കര ആര്യമുട്ടം, കണിശേറി, പുതുശേരി, കറുകപ്പാടം എന്നിവിടങ്ങളിലുള്ളരെല്ലാം കനത്ത മഴയും വെള്ളവും നിറഞ്ഞതോടെ ദുരിതത്തിലായി. അഞ്ഞൂറിലേറെ കുടുംബങ്ങളാണ് ഇതോടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ആർപ്പൂക്കര വെസ്റ്റിലെ എസ്.എൻ.ഡി.പി സ്‌കൂളിലാണ് പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ഇവിടെ, ആർപ്പൂക്കര പഞ്ചായത്തിലെ പതിനാറാം വാർഡിലെ 186 കുടുംബങ്ങളാണ് കഴിയുന്നത്. കഴിഞ്ഞ പ്രളയത്തിനും ഈ പ്രദേശത്തെ വീടുകളിലെല്ലാം വെള്ളം കയറിയിരുന്നു. റോഡിലെല്ലാം വെള്ളം കയറിയെങ്കിലും വാഹന ഗതാഗതത്തെ ഇത് ബാധിച്ചിട്ടില്ല.
ആർപ്പൂക്കര പഞ്ചായത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പുകളിൽ ഒന്നാണ് എസ്.എൻ.ഡി.പി സ്‌കൂൾ. ഭക്ഷണവും സൗകര്യങ്ങളും എല്ലാം ഇവിടെ കൃത്യമായി ക്രമീകരിച്ചിട്ടുമുണ്ട്. പ്രദേശത്തെ പല വീടുകളും ഇപ്പോഴും വെള്ളത്തിനിടയിലാണ്. അതുകൊണ്ടു തന്നെ ഉടനെയെങ്ങും ക്യാമ്പ് പിരിച്ചു വിടാനാവില്ലെന്നാണ് പ്രദേശ വാസികൾ പറയുന്നത്.
വീട്ടിൽ വെള്ളമുണ്ട് പോകാൻ വള്ളവും
ആർപ്പൂക്കര പുതുശേരിയിൽ പന്ത്രണ്ട് കുടുംബങ്ങളാണ് ഒറ്റപ്പെട്ട അവസ്ഥയിൽ കഴിയുന്നത്. വീട്ടിൽ വെള്ളം കയറിയതോടെ ഇവരിൽ പലരും ദുരിതാശ്വാസ ക്യാമ്പിലേയ്‌ക്കും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിലേയ്‌ക്ക് മാറിയിട്ടുണ്ട്. ഇവിടെയുള്ള പാടശേഖരത്തിൽ നിന്നാണ് പ്രദേശത്ത് വെള്ളം കയറിയിരിക്കുന്നത്. പാടശേഖരത്തിന് സമീപത്ത് പുറം ബണ്ട് നിർമ്മിക്കാതിരുന്നതാണ് തങ്ങളുടെ ദുരിതം ഇരട്ടിയാക്കിയതെന്നാണ് പ്രദേശ വാസികളുടെ ആരോപണം. മുൻ വർഷങ്ങളിലും സമാന രീതിയിൽ തന്നെ വെള്ളമുണ്ടായിരുന്നു. ഇക്കുറി മൂന്നു വീടുകളാണ് വെള്ളത്തിൽ മുങ്ങിയിരിക്കുന്നത്.
ഓടിക്കളിച്ച അംഗൻവാടിയിൽ രക്ഷതേടിയെത്തി തേജസ്
പുറത്ത് പെരുമഴയാണ്.. മാതാവും പിതാവും രോഗികളാണ്, ഒപ്പം തന്റെ ആരോഗ്യ പ്രശ്‌നങ്ങളും. പക്ഷേ, ഇതൊന്നും കുഞ്ഞ് തേജസിനെ ബാധിക്കുന്നില്ല. മാസങ്ങൾക്ക് മുൻപു വരെ ഓടിക്കളിച്ചിരുന്ന അംഗൻവാടിയിലാണ് രണ്ടു ദിവസമായി തേജസ് അന്തിയുറങ്ങുന്നത്. വൃക്കരോഗിയായ മാതാവ് നിഷയ്‌ക്ക് ദുരിതാശ്വാസ ക്യാമ്പിൽ പോകാൻ സാധിക്കാതെ വന്നതോടെയാണ് ഇവർക്കായി അംഗൻവാടിയുടെ വാതിൽ തുറന്നത്. കനത്ത മഴയിൽ ആർപ്പൂക്കരയിലെ വാടക വീട്ടിൽ വെള്ളം കയറിയതോടെയാണ് അസുഖബാധിതനായ തേജസിന്റെ പിതാവ് കെ.എസ് രതീഷും, മാതാവ് നിഷ രതീഷും, അഞ്ചാം ക്ലാസുകാരനായ സഹോദരൻ തുഷാറും ആർപ്പൂക്കര പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ നാലാം നമ്പർ അംഗൻവാടിയിലേയ്‌ക്ക് താമസം മാറ്റിയത്. മാസങ്ങൾക്ക് മുൻപ് വരെ തേജസിന്റെ ക്ലാസ് മുറിയായിരുന്നു ഇവിടം. രണ്ടു വർഷത്തിലേറെയായി മാതാവ് നിഷ വൃക്കരോഗിയാണ്. ഡ്രൈവറായ പിതാവാകട്ടെ നട്ടെല്ലിന് പരിക്കേറ്റതിനാൽ മാസങ്ങളായി ജോലിയ്‌ക്ക് പോകാനാവാത്ത അവസ്ഥയിലും. ജന്മനാ തന്നെ കാലിന് വൈകല്യമുള്ള തേജസിനെ ഇതിനിടെ പല തവണ ശസ്‌ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്‌തിരുന്നു. ഇതിനെല്ലാം ഇടയിലാണ് ഇപ്പോൾ പെരുമഴ എത്തിയതും തേജസും കുടുംബവും അംഗൻവാടിയിൽ അഭയം തേടിയതും.
പാട്ടു പാടി ആഘോഷമാക്കി ദുരിതാശ്വാസ ക്യാമ്പ്
അയ്‌മനം പഞ്ചായത്തിലെ നാലു വാർഡിലെ നാനൂറോളം ദുരിതബാധിതർ കഴിയുന്ന കല്ലുമട പി.ജെ.എം.യു.പി സ്‌കൂളിലെ ക്യാമ്പിൽ പാട്ടും പഠനവും കളിചിരികളും ആഘോവുമായിരുന്നു നിറഞ്ഞത്. പഞ്ചായത്ത് അംഗത്തിന്റെയും നവജ്യോതി ചാരിറ്റബിൾ ട്രസ്റ്റിന്റെയും നേതൃത്വത്തിലാണ് കുട്ടികൾ ക്യാമ്പ് ആഘോഷമാക്കിയത്. പാട്ട് പാടി കുട്ടികളെ ഉല്ലാസവാന്മാരാക്കാൻ നവജ്യോതി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരും ക്യാമ്പിൽ എത്തിയിരുന്നു.