കടനാട്: പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലുണ്ടായ കാറ്റിലും മഴയിലും അനേക വീടുകൾ തകരുകയും വ്യാപകമായ കൃഷി നാശവും സംഭവിച്ചു. പിഴക് വാർഡിലെ രണ്ട് വീടുകൾക്ക് മുകളിൽ മരങ്ങൾ വീണ് സാരമായ കേടുപാടുകൾ ഉണ്ടായി. കർഷകനായ ജോയി വള്ളിയിലിന്റെ അൻപതോളം കുലച്ച ഏത്തവാഴകൾ കാറ്റിൽ ഒടിഞ്ഞു പോയി. പിഴകിലെ വാര്യകുന്നേൽ രമേശിന്റെ വീടിന്റ മുകളിലേയ്ക്ക് റബ്ബർ മരം മറിഞ്ഞ് വീണ് പരപ്പെറ്റും വാർക്കയും തകർന്നു. മാനത്തൂർ പള്ളിക്കു സമീപം പാലംകുന്നേൽ നാരായണന്റെ വീടിന് മുകളിലേക്ക് ആനി മരം മറിഞ്ഞ് വീണ് ഒരു ഭാഗം തകർന്നു. മാനത്തൂർ വാർഡിലെ മലയിൽ രാജേഷിന്റെ വാഴത്തോട്ടം കാറ്റിൽ തകർന്നു. മാനത്തൂർ സ്വദേശി പ്ലാത്തോട്ടത്തിൽ ബൈജുവിന്റെ കപ്പ മഴയിൽ നശിച്ചുപോയി. വല്ലാത്ത് ഇളയച്ചാട്ട് മനോജിന്റെ വീടിന്റെ മുകളിലേക്ക് തെങ്ങ് വീണ് കേടുപാടുകൾ സംഭവിച്ചു. നാശ നഷ്ടം സംഭവിച്ച സ്ഥലങ്ങൾ വികസന കാര്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ ഷിലു കൊടൂർ സന്ദർശിച്ചു. രാമപുരം വില്ലേജ് ഓഫീസിൽ നിന്നും റവന്യൂ അധികാരികൾ എത്തി നാശനഷ്ടങ്ങൾ വിലയിരുത്തി