cmp

ചങ്ങനാശേരി: ആലപ്പുഴ ജില്ലയിലെ പുളിംങ്കുന്ന് എൻജിനിയറിംഗ് കോളേജിലെ ഹോസ്റ്റലിൽ തമസിച്ചിരുന്ന അഞ്ച് വിദ്യാർത്ഥിനികൾ അടക്കം 20 എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾക്ക് ആനനന്ദാശ്രമം ഓഡിറ്റോറിയത്തിൽ ക്യാമ്പ് ആരംഭിച്ചു. യു പി ,ബീഹാർ, ഉത്തരാഖണ്ഡ്, എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ക്യാമ്പിലുള്ളത്. രാവിലെ പൂരി, ഉച്ചയ്ക്ക് ചോറും, വൈകിട്ട് ചപ്പാത്തിയും ആണ് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് നല്കുന്നത്. പെൺകുട്ടികൾക്ക് താമസിക്കുന്നതിനായി ഓഡിറ്റോറിയത്തിൽ പ്രത്യേക മുറികൾ തയ്യാറാക്കിയിട്ടുണ്ട്. നഗരസഭാ കൗൺസിലർ ടി.പി അജികുമാർ, മുൻ കൗൺസിലർ കെ.ആർ പ്രകാശ്, വാഴപ്പള്ളി പഞ്ചായത്തംഗം പി.ആർ അനിൽ കുമാർ, ബോബിനാ ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികളെ ക്യാമ്പിൽ എത്തിച്ചതും ഇവർക്കുള്ള ഭക്ഷണവും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തിയതും. പുളിംങ്കുന്ന് എൻജിനിയറിംഗ് കോളേജ് ഭാഗത്തും ഹോസ്റ്റലിലും വെള്ളം കയറിയതിനെ തുടർന്ന് കോളേജ് അദ്ധ്യാപകനും ചങ്ങനാശേരി സ്വദേശിയുമായ ബി. ഹരികൃഷ്ണൻ, സി.പി.എം ചങ്ങനാശേരി ഏരിയാ കമ്മിറ്റിയംഗം ടി.പി അജികുമാറിനോട് സഹായം അഭ്യർത്ഥിച്ചതിനെ തുടർന്നാണ് ഇവിടെ ക്യാമ്പ് ആരംഭിക്കാനുള്ള നടപടികൾ തുടങ്ങിയത്. വിദ്യാർത്ഥികളെ താമസിപ്പിക്കുന്നതിനായി ഭാരവാഹികളായ സന്തോഷ് രവി സന്ദനം, പ്രസിഡന്റ് ടി.ഡി രമേശൻ എന്നിവരെ സമീപിച്ചപ്പോൾ സമ്മതം അറിയിക്കുകയായിരുന്നു.