vellam-jpg

തലയോലപ്പറമ്പ്: തുടർച്ചയായി പെയ്തു വന്ന മഴയ്ക്ക് ശമനം വന്നെങ്കിലും തലയോലപ്പറമ്പിലെയും സമീപ പ്രദേശങ്ങളിലേയും താഴ്ന്ന ഇടങ്ങളിലെ ദുരിതം ഇനിയും വിട്ട് മറിയില്ല. മൂവാറ്റുപുഴയാറിലെ ജലനിരപ്പ് താഴ്ന്നതോടെ മിക്ക പ്രധാന റോഡുകളിലേയും ഗതാഗതം ഇന്ന് മുതൽ പുനരാരംഭിക്കാൻ കഴിയും.
വടയാർ കോരിക്കൽ, പഴംമ്പട്ടി, മനയ്ക്ക കരി, പന്ത്രണ്ടിൽ ,തേവലക്കാട് പ്രദേശത്ത് വീടുകളിലെ വെള്ളം ഇനിയും ഇറങ്ങാത്തതിനാൽ പ്രദേശവാസികൾ ഇപ്പോഴും ക്യാമ്പുകളിൽ കഴിയുകയാണ്.
മറവൻതുരുത്ത് പഞ്ചായത്തിലെ മണലേൽ, കുളങ്ങര കോളനി, പഞ്ഞിപ്പാലം എന്നിവിടങ്ങളിലെ വീടുകളിൽ നിന്ന് പൂർണ്ണമായും വെള്ളം ഇറങ്ങാത്തതിനാൽ ആളുകൾ ക്യാമ്പുകളിൽ തന്നെ കഴിയുകയാണ്.
ചെമ്പ് പഞ്ചായത്തിൽ ബ്രഹ്മമംഗലം ഏനാദി, മൂലേക്കടവ് ഭാഗത്തെ വീടുകളിൽ വെള്ളം ഇറങ്ങി തുടങ്ങിയതോടെ ആളുകൾ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങി തുടങ്ങി.എന്നാൽ പൂർണ്ണമായും വെള്ളം ഇറങ്ങാത്ത കുടുംബങ്ങളിലെ ആളുകൾ നിലവിൽ ക്യാമ്പുകളിൽ കഴിയുന്നുണ്ട്.
വെള്ളൂർ പഞ്ചായത്തിൽ ചെറുകര, പുത്തൻചന്ത പ്രദേശങ്ങളിലെ വീടുകളിൽ നിന്ന് വെള്ളം പൂർണ്ണമായും ഇറങ്ങിയതിനാൽ ആളുകൾ ക്യാമ്പുകൾ വീട്ട് ഭവനങ്ങളിലേക്ക് മടങ്ങിതുടങ്ങി. വടകര, കരിപ്പാടം, പാറയ്ക്കൽ ,മറവൻതുരുത്ത് പ്രദേശങ്ങളിലെ 300 ഓളം വീടുകളിൽ നിന്നും വെള്ളം ഇനിയും പൂർണ്ണമായി ഇറങ്ങാത്തതിനാൽ വടകര കാരുണ്യമാത എൽ.പി സ്‌കൂളിൽ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. വെള്ളൂർ കെ എം എച്ച് എസ്സിൽ പ്രവർത്തിച്ചിരുന്ന ഒരു ദുരിതാശ്വാസ ക്യാമ്പ് ഇന്നലെ പിരിച്ചു വിട്ടു. വെച്ചൂർ, തലയാഴം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറിയതോടെ വെച്ചൂർ ദേവിവിലാസം സ്‌കൂളിൽ ഇന്നലെ പുതിയ ഒരു ക്യാമ്പ് കൂടി അധികൃതർ ആരംഭിച്ചു. നിലവിൽ വൈക്കം താലൂക്കിൽ 22 ദുരിതാശ്വാസ ക്യാമ്പുകളിലായി 11,009 പേർ കഴിയുന്നുണ്ട്. വെള്ളം കായലിലേക്ക് ഇറങ്ങി തുടങ്ങുന്നതോടെ ദുരിതാശ്വാസ ക്യാമ്പുകൾ ഉടൻ അവസാനിപ്പിക്കാൻ കഴിയുമെന്നാണ് താലൂക്ക് അധികൃതർ പറയുന്നത്. അപ്രതീക്ഷിതമായി ഭവനങ്ങളിൽ വെള്ളം കയറിയപ്പോൾ ഉടുതുണിയും മറ്റ് അവശ്യസാധനങ്ങളും മാത്രം എടുത്ത് ക്യാമ്പുകളിലേക്ക് എത്തിയ ആയിരങ്ങൾ വീടുകളിലേയ്ക്ക് ഉടൻതിരികെ പോകുവാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കഴിയുന്നത്. കുടിവെള്ളത്തിന്റെ പ്രശ്‌നങ്ങൾ പല ദുരിതാശ്വാസ ക്യാമ്പുകളിൽ ഉണ്ടായിരുന്നെങ്കിലും വാട്ടർ അതോറിറ്റി അധികൃതർ ക്യാനുകളിൽ വെള്ളം ഇവിടങ്ങളിൽ എത്തിച്ച് ശുദ്ധജല ക്ഷാമം പരിഹരിച്ചു.