pashu-jpg

തലയോലപ്പറമ്പ്: പ്രളയത്തിൽ അധികവും വലഞ്ഞത് ക്ഷീര കർഷകർ. തലയോലപ്പറമ്പിലേയും സമീപ പ്രദേശങ്ങളിലേയും പശു, ആട് തുടങ്ങിയ വളർത്ത് മൃഗങ്ങൾക്കും തീറ്റയും മറ്റും കൊടുക്കുവാൻ പോലും മാർഗ്ഗമില്ലാതായതിനെ തുടർന്ന് നിരവധി ക്ഷീര കർഷകർ വലഞ്ഞു.പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പലർക്കും വളർത്ത് മൃഗങ്ങളെ സുരക്ഷിത സ്ഥാലത്തേക്ക് മാറ്റാൻ പോലും കഴിഞ്ഞിരുന്നില്ല. ഏറ്റവും അധികം വെള്ളം കയറിയ വടയാർ പ്രദേശങ്ങളിലെ നിരവധി പശുക്കൾ ദിവസങ്ങളോളം വെള്ളത്തിൽ നിന്നും നനഞ്ഞും സമയത്ത് തീറ്റയും സംരക്ഷണവും ലഭിക്കാത്തതിനെ തുടർന്ന് രോഗബാധിതരായി തളർന്നു വീണു. വീട്ടുകാർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോയതിനെ തുടർന്ന് തേവലക്കാട് വള്ളോംതറ (കാളിവേലിൽ) മോഹനന്റെ 15 ലിറ്റർ പാല് തരുന്ന കറവ പശു 5 ദിവസത്തോളം വെള്ളത്തിൽ നിന്നതിനെ തുടർന്ന് തളർന്ന് വീണു.സംഭവമറിഞ്ഞ് തലയോലപ്പറമ്പ് വെറ്റിനറി ഡോക്ടർ അടങ്ങുന്ന സംഘം മറ്റ് വാഹനങ്ങൾ പോകാത്തതിനാൽ ട്രാക്ടറിൽ എത്തിയാണ് മരുന്നും ഗ്ലൂക്കോസും നൽകി പശുവിനെ ഉയർത്തി നിർത്തിയത്. വെള്ളക്കെട്ടായതിനാൽ സമീപത്തെ ഉയർന്ന പ്രദേശത്ത് നനയാതിരിക്കാൻ പടുതാകെട്ടി പിന്നീട് പശുവിനെ സുരക്ഷിതമാക്കി മാറ്റിപ്പാർപ്പിച്ചു. മൃഗസംരക്ഷണ വകുപ്പ് അധികൃതർ പിന്നീട് പ്രദേശത്തെ ക്ഷീരകർഷകരുടെ പശുക്കൾക്ക് മരുന്നുകൾ നൽകി. കഴിഞ്ഞ പ്രളയത്തിൽ നിന്നും മോചിതരാകുന്നതിനിടെ വീണ്ടും ഉണ്ടായ വെള്ളപ്പൊക്കം ക്ഷീരകർഷകരെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രദേശത്തെ പല കുടുംബങ്ങളുടെയും വരുമാന മാർഗ്ഗം പശുവളർത്തലാണ്. ബാങ്ക് ലോണും മറ്റും എടുത്താണ് അധികവും കർഷകർ കൃഷി നടത്തുന്നത്. തുടരെ ഉണ്ടായ കൃഷി നാശം മൂലം തീറ്റ പുല്ല്, വൈക്കോൽ തുടങ്ങിയവ ലഭിക്കാത്തതാണ് പ്രദേശത്തെ ക്ഷീരകർഷകർ നേരിടുന്ന പ്രധാന പ്രശ്‌നം. കന്ന് കാലികൾക്ക് തീറ്റയും മറ്റും ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കർഷകരുടെ ആവശ്യം ശക്തമാണ്. ഇതിനിടെ ഇന്നലെ രണ്ടിടങ്ങളിൽ വളർത്ത് മൃഗങ്ങൾ വെള്ളത്തിൽ വീണ് ചത്തു. തലയോലപ്പറമ്പ് പഞ്ചായത്തിലെ 14ാം വാർഡിൽ മാക്കോക്കുഴിഭാഗത്ത് പുരയിടത്തിൽ നിന്ന പശുകിടാവ് ഒഴുക്കിൽ പെട്ട് പോയതിനെ തുടർന്നും. 3ാം വാർഡിലെ ഉമ്മാകുന്ന് ഭാഗത്ത് തോടിന് സമീപം കെട്ടി ഇട്ടിരുന്ന ആട് തെന്നി വെള്ളത്തിൽ വീണുമാണ് ചത്തത്.