ചങ്ങനാശേരി : കാറ്റും മഴയും ശക്തമായതിനെത്തുടർന്ന് ചങ്ങനാശേരി പെരുന്ന പയ്യംമ്പ്ര ഇല്ലം ഭാഗത്തെ ബൈപാസിൽ മരം കടപുഴകി വീണ് വൈദ്യുതി ലൈൻ തകർന്നു. ഇന്നലെ ഉച്ചയോടെ ബൈപാസിൽ പെരുന്ന മോഹനാലയത്തിലെ പുരയിടത്തിലുണ്ടായിരുന്ന കൂറ്റൻ പെരുമരമാണ് കടപുഴകി വൈദ്യുതി ലൈനിലേയ്ക്കും ബൈപാസ് റോഡിലേയ്ക്കും വീണത്. നിരവധി യാത്രക്കാരും വാഹനങ്ങളും കടന്നു പോകുന്ന റോഡാണെങ്കിലും അപായമൊന്നും ഉണ്ടായില്ല. തുടർന്ന് ഗതാഗതം തിരിച്ചുവിട്ടു. ഇതോടെ രണ്ട് മണിക്കൂറിലേറെ ബൈപാസിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. അഗ്നിശമന സേനയും വൈദ്യതി ബോർഡ് ജീവനക്കാരും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗത തടസ്സമൊഴിവാക്കി. പിന്നീട് വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയും ചെയ്തു.