കോട്ടയം: പൊന്നിൻ ചിങ്ങമാസത്തെ വരവേൽക്കാൻ മലയാളികൾ ആരും തന്നെ മനസുകൊണ്ട് തയ്യാറല്ലെങ്കിലും വരാനിരിക്കുന്നത് വിലക്കയറ്റത്തിന്റെയും വറുതിയുടെയും കാലമാണെന്ന് പറയാതെ വയ്യ. ശക്തമായ കാറ്റും കനത്ത മഴയും ഉരുൾപ്പൊട്ടലും കാരണം ജനജീവിതം മാത്രമല്ല,​ കാർഷിക രംഗവും താറുമാറായി. വിളവെടുപ്പിന്റെ ഉത്സവം കൂടിയായ ഒാണക്കാലം കഴിഞ്ഞ വർഷത്തെപ്പോലെതന്നെ ഇത്തവണയും വറുതിയിലാവുമെന്ന് ചുരുക്കം. ആഹാരസാധനങ്ങൾ ഉൾപ്പടെയുള്ള അവശ്യസാധങ്ങൾക്ക് വരെ വിലകൂടാൻ സാദ്ധ്യതയുണ്ട്.

ഓണം മുന്നിൽകണ്ട് മുതൽ മുടക്കിയവരും 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതി പ്രകാരം കൃഷിയിറക്കിയവരുമെല്ലാം കണ്ണീർക്കയത്തിലായി. അപ്രതീക്ഷിതമായെത്തിയ കനത്ത മഴ,​ പാവലും പടവലവും വെണ്ടയും പയറും ചീരയുമെല്ലാം വെള്ളത്തിനടിയിലാക്കി. ശക്തമായ കാറ്റ് വാഴത്തോട്ടങ്ങളെ അപ്പാടെ തരിശാക്കി. ചുരുക്കത്തിൽ ഉപ്പേരിപോലുമില്ലാത്ത ഓണമാണ് മലയാളികളെ കാത്തിരിക്കുന്നത്.

ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയി, നടുഭാഗം, അടുക്കം തുടങ്ങി എട്ടിടത്താണ് കഴിഞ്ഞദിവസം ഉരുൾ പൊട്ടിയത്. ഇതോടെ ഏക്കർ കണക്കിന് സ്ഥലത്തെ പച്ചക്കറി കൃഷിയാണ് ഒലിച്ചുപോയത്. മലവെള്ളം എത്തിയ മീനച്ചിൽ പ്രദേശത്തും മീനച്ചിലാറിന്റെ കരകളിലും വെള്ളം ഒഴുകിപ്പോവാതെ കെട്ടിനിന്നതോടെ പച്ചക്കറി ചെടികൾ ചീഞ്ഞുതുടങ്ങി. പന്തലിൽ കയറിയ ഏക്കർ കണക്കിന് സ്ഥലത്തെ പാവലും പടവലവും പയറും ഇനി രക്ഷപ്പെടില്ലെന്ന് കർഷകർ പറയുന്നു. ബാങ്കുകളിൽ നിന്ന് വായ്പ എടുത്തും ഭാര്യയുടെ കെട്ടുതാലിവരെ പണയപ്പെടുത്തിയുമാണ് ഓണം വിപണി മുന്നിൽ കണ്ട് പലരും കൃഷി ഇറക്കിയത്.

കോട്ടയത്തെ ഗ്രാമങ്ങളിൽ കപ്പ കൃഷി ഇറക്കിയവരും തീരാദു:ഖത്തിലാണ്. മീനടം, മണർകാട്, പാമ്പാടി, തോട്ടയ്ക്കാട്, തിരുവഞ്ചൂർ മേഖലകളിൽ ഉയർന്ന പാടങ്ങളിൽ കൃഷിയിറക്കിയ കർഷകർ മൂപ്പെത്തും മുമ്പേ പറിച്ചുതുടങ്ങി. നാല് അഞ്ച് ദിവസം കപ്പ വെള്ളത്തിനടിയിലായാൽ ചീഞ്ഞുതുടങ്ങും. അതികൊണ്ടാണ് മൂപ്പെത്തും മുമ്പേ വിളവെടുപ്പ് തുടങ്ങിയത്. വിളവെത്താത്ത കപ്പ മാർക്കറ്റിൽ കൂടുതലായി എത്തിയതോടെ 15 രൂപയ്ക്കുവരെ കപ്പ വില്ക്കാൻ നിർബന്ധിതമായിരിക്കയാണ്. കിലോക്ക് മുപ്പതു രൂപയായിരുന്നു കഴിഞ്ഞയാഴ്ചയിലെ വില.

ഉപ്പേരിക്കും രക്ഷയില്ല

ഓണക്കാലത്താണ് ഏത്തയ്ക്കായ്ക്ക് കൂടുതൽ വില ലഭിക്കുന്നത്. ഇത് മുമ്പിൽ കണ്ടാണ് കർഷകർ വാഴകൃഷി ഇറക്കുന്നത്. സമയാസമയങ്ങളിൽ വളമിട്ട് ചില സമയങ്ങളിൽ വെള്ളം കോരി നനച്ച്, കൂമ്പുചീയൽ പോലുള്ള രോഗങ്ങളിൽ നിന്ന് രക്ഷിക്കാൻ വാഴക്കൂമ്പിൽ വിഷം ഇട്ട് സംരക്ഷിച്ച് കുലപ്പിച്ച നൂറു കണക്കിന് ഏക്കർ സ്ഥലത്തെ വാഴയാണ് കഴിഞ്ഞദിവസം ശക്തമായ കാറ്റിൽ നിലംപറ്റിയത്. തോട്ടയ്ക്കാട്, മീനടം, അയർക്കുന്നം, പേരൂർ എന്നിവിടങ്ങളിലാണ് വ്യാപകമായ നിലയിൽ വാഴകൃഷി നശിച്ചത്. പാതി മൂപ്പെത്തിയ കുലകളാണ് ഒടിഞ്ഞുവീണത്തിൽ അധികവും. കിട്ടുന്നതാവട്ടെ എന്നു കരുതി ഇത് വെട്ടിയെടുത്ത് പെട്ടി ഓട്ടോകളിൽ കയറ്റി കർഷകർ ചന്തകളിൽ എത്തിച്ചെങ്കിലും രണ്ടോ മൂന്നോ കുല വാങ്ങാൻ മാത്രമേ കച്ചവടക്കാർ തയാറായിള്ളൂ. ചുരുക്കത്തിൽ പെട്ടിഓട്ടോ കൂലി കൊടുക്കാൻ പോലും ചെറുകുല വിറ്റ്കിട്ടുന്ന കാശ് തികയത്തില്ല. കിലോക്ക് അറുപത് രൂപയെങ്കിലും ഓണത്തിന് ലഭിക്കേണ്ട കുലകളാണ് കാറ്റത്ത് നിലം പറ്റിയത്.

പച്ചക്കറി കൃഷി അപ്പോടെ നശിച്ചതോടെ നഷ്ടപരിഹാരത്തിനായി വില്ലേജ് ഓഫീസുകളിലും കൃഷി ഓഫീസുകളിലും കയറിയിറങ്ങുകയാണ് കർഷകർ. ഇപ്പോഴാണെങ്കിൽ വില്ലേജ് ഓഫീസുകളിൽ തിരക്കാണ്. അതിനാൽ തന്നെ അവർക്ക് കൃഷിനാശം സംഭവിച്ചിടത്ത് എത്താൻ സാധിക്കുന്നില്ല. ചില ഓഫീസർമാരാവട്ടെ, ഫോട്ടോ എടുത്തുകൊണ്ടു വരാൻ പറയുകയാണ്. എന്തെല്ലാം ചെയ്താലും നശിച്ച വിളകൾക്ക് ആനുപാതികമായി നഷ്ടം ലഭിക്കില്ലെന്നാണ് കർഷകർ പറയുന്നത്. തുച്ഛമായ തുകയാവും മാസങ്ങളുടെ കാത്തിരിപ്പിനുശേഷം ലഭിക്കുക. നെൽകൃഷിക്കാരുടെ കാര്യവും വിളകൾ കൃഷിചെയ്യുന്നവരുടെ കാര്യവും ഇതിൽ നിന്ന് ഒട്ടും ഭിന്നമല്ല.