അടിമാലി: ക്ഷീരമേഖലയോടുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവഗണനയിൽ പ്രതിഷേധിച്ച് ഇരുമ്പുപാലത്ത് ക്ഷീരകർഷകരുടെ നേതൃത്വത്തിൽ കന്നുകാലികളെ ഉപയോഗിച്ച് ദേശിയപാത ഉപരോധിച്ചു. പ്രതിഷേധ പ്രകടനമായെത്തിയ സമരക്കാർ ദേശിയപാതയിൽ കന്നുകാലികളുമായി അണിനിരന്നതോടെ അരമണിക്കൂറിലേറെ ഗതാഗതം സ്തംഭിച്ചു.ക്ഷീരമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ പാൽവില വർധിപ്പിക്കുകയല്ലാതെ മറ്റ് പരിഹാരമാർഗ്ഗങ്ങളില്ലെന്ന് സമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ച കെ.എസ്.എം.എ ജില്ലാ വൈസ് പ്രസിഡന്റ് പി. ആർ. സലിം കുമാർ പറഞ്ഞു.
പ്രതിസന്ധി താങ്ങാനാവാതെ കർഷകർ ക്ഷീരമേഖലയിൽ നിന്നും പിന്തിരിയുകയാണ്.രാവിലെ 10.30 ന് ആരംഭിച്ച ഉപരോധ സമരത്തിൽ പത്തോളം പശുക്കളും അണിനിരന്നു.ക്ഷീര കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക. കറവപശുക്കൾക്ക് കുറഞ്ഞ നിരക്കിൽ ഇൻഷുറൻസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപരോധം.
അടിമാലി ഗ്രാമപഞ്ചായത്തിൽ മൃഗ ഡോക്ടറുടെ സേവനം കാര്യക്ഷമമായി ലഭിക്കുന്നില്ല.പ്രശ്‌ന പരിഹാരത്തിനായി ആശുപത്രിയിൽ ഒരു മൃഗ ഡോക്ടറെ നിയമിക്കാൻ നടപടി വേണമെന്നുള്ള ആവശ്യവും ക്ഷീരകർഷകർ സമരത്തിലൂടെ മുമ്പോട്ട് വയ്ക്കുന്നുണ്ട്.ഇരുമ്പുപാലത്ത് നടന്ന പ്രതിഷേധ സമരത്തിൽ കെ.പി.ബേബി. സി എസ് നാസർ,പോൾ മാത്യു,ബേബി അഞ്ചേരി,കുഞ്ഞപ്പൻ തുടങ്ങിയവർ പങ്കെടുത്തു.
...........രണ്ടര വർഷം മുൻപ് കാലിത്തീറ്റയുടെ വില 50 കിലോ ചാക്കിന് 900 രൂപയായിരുന്നത് 1240 രൂപയായി ഉയർന്നു.എന്നാൽ പാൽ വില ലിറ്ററിന് 38 രൂപയിൽ നിന്ന് 42 രൂപയായി കഴിഞ്ഞ രണ്ടര വർഷം മുൻപ് അനുവദിച്ചത്.ഒരു പശുവിന്വില മുപ്പതിനായിരം ഉണ്ടായിരുന്നത് അറുപതിനായിരം ആയി ഉയർന്നു........