വൈക്കം : നെൽകൃഷി മേഖല പ്രതിസന്ധിയിലാക്കിയും നിരവധി വീടുകളെ വെള്ളത്തിലാഴ്ത്തിയും വെള്ളമിറങ്ങുന്നത് തലയാഴം, വെച്ചൂർ മേഖലകളിൽ ജീവിതം ദുസഹമാക്കുന്നു. അഞ്ഞൂറിലധികം വീടുകളിൽ വെള്ളം കയറി. ആയിരത്തിലധികം വീടുകൾ വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലുമാണ്. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വീടുകളിൽ വെള്ളം കയറുകയും പടിഞ്ഞാറൻ മേഖലയിൽ കനത്ത ദുരിതം വിതയ്ക്കുകയും ചെയ്തു. വെച്ചൂർ പഞ്ചായത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. തലയാഴം പഞ്ചായത്തിൽ ഇരുനൂറോളം ഏക്കറിലെ കൃഷിയാണ് നശിച്ചത്. പന്ത്രണ്ട് പാടശേഖരങ്ങളിലായി 1200 ഏക്കറിൽ നെൽകൃഷിയാണ് പഞ്ചായത്തിൽ ഇറക്കിയത്. ആറ് ദിവസം മുതൽ നാല്പത് ദിവസം വരെ പ്രായമായ നെൽച്ചെടികളാണ്. വെള്ളം കെട്ടിനിൽക്കുന്നതിനാൽ കൂടുതൽ കൃഷി നശിക്കാനുള്ള സാദ്ധ്യതയും വർദ്ധിക്കുന്നു. കെ.വി.കനാലിലും അനുബന്ധ തോടുകളിലും കഴിഞ്ഞ പ്രളയകാലത്ത് അടിഞ്ഞ മണ്ണും മറിഞ്ഞുകിടക്കുന്ന മരങ്ങളും നീക്കം ചെയ്യാത്തത് നീരൊഴുക്ക് തടസപ്പെടുത്തുന്നതിനാൽ വെള്ളം കായലിലേക്ക് ഇറങ്ങിപ്പോകുന്നതിന്റെ വേഗത കുറയ്ക്കുന്നത് പാടശേഖരങ്ങളിൽ വെള്ളം നിൽക്കുന്നതിന് കാരണമാകുന്നു. വെച്ചൂർ പഞ്ചായത്തിൽ 2200 ഹെക്ടർ വരുന്ന പാടശേഖരങ്ങൾ വെള്ളം കയറിയ നിലയിലാണ്. അരികുപുറം ഉൾപ്പടെയുള്ള പാടശേഖരങ്ങളിൽ ചൊട്ടയായ നെല്ലാണ് വെള്ളത്തിൽ മുങ്ങി നിൽക്കുന്നത്. സ്ഥിരമായി വൈദ്യുതി മുടങ്ങുന്നതിനാൽ വെള്ളം പമ്പ് ചെയ്ത് കളയാനും കഴിയുന്നില്ല. കൈപ്പുഴയാർ കവിഞ്ഞൊഴുകി എട്ടൊന്നിൽ പാടശേഖരം പൂർണ്ണമായ കൃഷിനാശം നേരിടുകയാണ്. സമീപത്തെ വലിയ വെളിച്ചം പാടശേഖരവും ഭീഷണിയിലാണ്.