കോട്ടയം: രാവിലെ മഴ കനത്തെങ്കിലും വെള്ളം ഇറങ്ങുന്നതിന്റെ സന്തോഷത്തിലാണ് ഇറഞ്ഞാൽ തച്ചരിക്കൽ മാലിൽ ജിജു. നാലു ദിവസമായി ജിജുവിന്റെ വീട് വെള്ളത്തിലായിരുന്നു. വീട്ടുപകരണങ്ങൾ ഉയരത്തിൽ കയറ്റിവച്ച് കുടുംബത്തോടൊപ്പം ബന്ധുവീട്ടിലേയ്ക്ക് പോയി. ഇന്നലെ പുലർച്ചെ മുതൽ വെള്ളം ഇറങ്ങിത്തുടങ്ങിയപ്പോഴാണ് തിരികെയെത്തിയത്. എന്നാൽ രാവിലെ മഴ കനത്തപ്പോൾ ആശങ്കപ്പെട്ടെങ്കിലും വെള്ളം തിരികെ കയറിയില്ല. കേറ്ററിംഗ് നടത്തുന്ന ജിജുവിന്റെ വലിയ അടുക്കള നിറയെ വെള്ളമായിരുന്നു.
പ്രളയം മൂലം ജിജുവിന് ലക്ഷങ്ങളുടെ നഷ്ടമുണ്ട്. സദ്യയ്ക്കുള്ള ഓർഡറുമായി പലരും എത്തിയെങ്കിലും വെള്ളത്തിലായ അടുക്കളയിൽ ആഹാരം പാകം ചെയ്യാനാവാത്തതിനാൽ ഓർഡർ എടുത്തില്ല.
വിജയപുരം കാവിൽ സുരേഷ് ബാബുവും കുടുംബവും വെള്ളം ഇറങ്ങിയപ്പോൾ വീട്ടുപകരണങ്ങൾ വൃത്തിയാക്കുന്ന തിരക്കിലാണ്. കഴിഞ്ഞ തവണ മുക്കാൽ ഭാഗവും വെള്ളം കയറിയ സ്ഥാനത്ത് ഇത്തവണ പകുതിയോളമേ വെള്ളമുണ്ടായിരുന്നുള്ളൂ. വെൽഡിംഗ് ജോലിക്കാരനായ മകൻ അരുൺ ടെറസിന് റൂഫിംഗ് ചെയ്യുകയാണ്. ഇനി പ്രളയമുണ്ടായാൽ സാധനങ്ങൾ മുകളിലേയ്ക്ക് മാറ്റാനുള്ള മുൻകരുതൽ!
വീട്ടിൽ നിന്ന് വെള്ളമിറങ്ങിയെങ്കിലും കൃഷിയിടങ്ങൾ വെള്ളത്തിലാണ്. വൈകാതെ വെള്ളമിറങ്ങിയില്ലെങ്കിൽ ഓണം പ്രതീക്ഷിച്ച് നട്ട പച്ചക്കറികളും വാഴയും മറ്റും ചീഞ്ഞുപോവുമെന്ന ഭയവുമുണ്ട് ഇവർക്കെല്ലാം.