പാലാ: ചിത്രകല പഠിച്ചിട്ടേയില്ല, വിമൽ ഇടുക്കി . പക്ഷേ 35 വർഷത്തിനിടെ വരച്ചുകൂട്ടിയത് നാലായിരത്തിൽപ്പരം ചിത്രങ്ങൾ !

' വര ,ജന്മസിദ്ധമായി ഈശ്വരനിൽ നിന്നു ലഭിച്ച വരദാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ചെറുതാകട്ടെ , വലുതാകട്ടെ ഓരോ ചിത്രവുമെഴുതും മുമ്പ് അൽപ്പ നിമിഷം പ്രാർത്ഥനയ്ക്കായി മാറ്റി വെയ്ക്കും'
നാളത്തെ സ്വാതന്ത്ര്യപ്പുലരിയിൽ ഒരു വിദ്യാലയത്തിന്റെ പൂമുഖത്തു വയ്ക്കാനുള്ള ഗാന്ധിജിയുടെ മനോഹരമായ ഛായാചിത്രത്തിന്റെ അവസാന മിനുക്ക് പണികൾ നടത്തിക്കൊണ്ട് വിമൽ പറഞ്ഞു.
കുട്ടിക്കാലത്ത് വീടിന്റെ ചുമരിൽ നീലം കലക്കി വരച്ച് തുടങ്ങിയ വിമലിന്' 'ചുമർ വൃത്തികേടാക്കിയതിന് ' അച്ഛനിൽ നിന്നും കിട്ടിയ അടിയായിരുന്നൂ ആദ്യ സമ്മാനം. അടി കിട്ടിയെങ്കിലും ചുമരിൽ പിന്നേയും വിമലിന്റെ രചനകളുടെ നീലം മഷി പുരണ്ടു കൊണ്ടേയിരുന്നു. അവസാനം അച്ഛൻ മടുത്തു;' വരയാണ് നിന്റെ തൊഴിലെങ്കിൽ ഇനി അതു നടക്കട്ടേ എന്നായി അദ്ദേഹം. ആ നാവ് പൊലിച്ചു. 16ാം വയസ്സു മുതൽ പ്രൊഫഷണൽ ചിത്രകലയിലേക്ക് ഇറങ്ങിയ വിമലിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടേയില്ല.

കോട്ടയം, ഇടുക്കി, പത്തനം തിട്ട ,എറണാകുളം ജില്ലകളിലായി പതിനായിരത്തോളം വ്യാപാര സ്ഥാപനങ്ങൾക്ക് നെയിംബോർഡ് എഴുതിയ 'വിമൽ ഇടുക്കി ' എന്നപേര് മധ്യകേരളത്തിന് ചിരപരിചിതമായി.

ശ്രീനാരായണ ഗുരു ,നെഹ്രു , ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, കെ.ആർ. നാരായണൻ തുടങ്ങി നൂറോളം പ്രമുഖരുടെ കൂറ്റൻ ഛായാ ചിത്രങ്ങൾ വരച്ചിട്ടുണ്ട് വിമൽ .
കേരളത്തിലുടനീളം വിവിധ ക്രൈസ്തവദേവാലയങ്ങളുടെ അൾത്താര രൂപകൽപ്പന ചെയ്തിട്ടുണ്ട്. യേശുദാസിന്റെ ചിത്രം വരച്ച്‌ നേരിട്ട് അദ്ദേഹത്തിന് സമർപ്പിച്ച് അനുഗ്രഹംനേടിയിട്ടുള്ള വിമൽ ഒരു പ്രമുഖ വ്യക്തിയുടെ നിർദ്ദേശപ്രകാരം ശ്രീനാരായണ ഗുരുദേവന്റെ ഒരു പൂർണ്ണകായ ഛായാചിത്രം വരയ്ക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ .
രണ്ടു പതിറ്റാണ്ടായി 'വിമൽ ചക്രവർത്തി ' എന്നപേരിൽ മാജിക് രംഗത്തെ പേരെടുത്ത മാന്ത്രികനുമായിക്കഴിഞ്ഞു ഇദ്ദേഹം. ഇതിനോടകം ആയിരത്തഞ്ഞൂറോളം വേദികളിൽ മാജിക്ക് അവതരിപ്പിച്ച വിമൽ സാഹസിക മായാജാല രംഗത്തും സജീവമാണ്. ചിത്രകലയിൽ ഒരു ഡസനോളവും, മാജിക്കിൽ അഞ്ചും അവാർഡുകളും ഇദ്ദേഹത്തെ തേടിയെത്തി.
വിവിധ സാമൂഹ്യ വിഷയങ്ങൾ മായാജാലത്തിലൂടെ പൊതു ജനശ്രദ്ധയിൽ കൊണ്ടു വരാൻ കഴിഞ്ഞിട്ടുള്ള വിമൽ ഇപ്പോൾ പാലായ്ക്കടുത്ത് പൈകയിലാണ് താമസം. ഭാര്യ സിജിയും മക്കളായ ആഷയും അമലും അലീനയും ഈ കലാകാരന്റെ നിരന്തര പരിശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയുമേകുന്നു. ഫോൺ 99 47 59 14 81