മുണ്ടക്കയം : കൂട്ടിക്കൽ പഞ്ചായത്തിൽ ഉരുൾപൊട്ടൽ ഭീഷണിയുള്ള മേഖലകളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ കാഞ്ഞിരപ്പള്ളി തഹസിൽദാർ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിൽ തീരുമാനമായി. ഏന്തയാർ ജെ.ജെ മർഫി ഹയർസെക്കൻഡറി സ്‌കൂൾ, കൂട്ടിക്കൽ സെന്റ് ജോർജ് എച്ച്.എസ്, കെ.എം.ജെ പബ്ലിക്ക് സ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. കൂട്ടിക്കൽ, മുണ്ടക്കയം സർക്കാർ ആശുപത്രികളിൽ കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കും. ഭക്ഷണം ക്യാമ്പുകളിൽ തന്നെ ക്രമീകരിക്കും. പുറത്തു നിന്നുള്ള ഭക്ഷണം നൽകാൻ അനുവദിക്കില്ല. കൂട്ടിക്കൽ പഞ്ചായത്തിലെ പാറമടകളുടെ പ്രവർത്തനം അനുവദിക്കില്ല. ആംബുലൻസ്, അഗ്‌നിശമന സേന അടക്കം രക്ഷാപ്രവർത്തനങ്ങൾക്കുള്ള അടിയന്തിര സംവിധാനങ്ങൾ ഒരുക്കും. വെട്ടിക്കാനം, ചപ്പാത്ത് മേഖലകളിലുള്ള കുടുംബങ്ങൾക്ക് സംരക്ഷണമൊരുക്കാനും യോഗത്തിൽ തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ജെസ്സി ജോസ് അദ്ധ്യക്ഷയായിരുന്നു. പി.സി.ജോർജ് എം.എൽ.എ, ജില്ലാ പഞ്ചായത്തംഗം കെ.രാജേഷ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം സുഭാഷ് സുധാകരൻ, തഹസിൽദാർ അജിത്കുമാർ, കൊക്കയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെച്ചൂർ തങ്കപ്പൻ എന്നിവർ സംസാരിച്ചു.