ചങ്ങനാശേരി: പാടത്തേയ്ക്ക് ഇറങ്ങി നിങ്ങൾക്കാവശ്യമുള്ളത് പറിച്ചെടുത്തോളു എന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് ജോൺസൺ വന്നത്. ദിവസങ്ങളും മാസങ്ങളും നട്ടുനനച്ച് വിളെടുപ്പിനു പാകമായ പച്ചക്കറിക്കൃഷികൾ എല്ലാം ഒരു പേമാരിയിൽ വെള്ളം കയറി നശിച്ചെങ്കിലും അതൊന്നും വകവയ്ക്കാതെ, പ്രളയദുരന്തത്താൽ ക്യാമ്പുകളിൽ കഴിയുന്നവർക്കു വേണ്ടി തന്റെ തോട്ടത്തിലെ കാറ്റിലും മഴയിലും വീണുപോയ പടവലങ്ങകൾ മുഴുവനായി ഇവർക്കായി വിട്ടുകൊടുത്താണ് ഈ കർഷകൻ മാതൃകയായത്. ഓണം ലക്ഷ്യമാക്കി ഇറക്കിയ കൃഷിയാണ് നശിച്ചത്. ആർക്കും പ്രയോജനമില്ലാതെ വെള്ളത്തിൽ കിടന്നു ചീഞ്ഞുപോകേണ്ടന്നും എല്ലാം നഷ്ടപ്പെടുത്തി ക്യാമ്പുകളിൽ വന്നു കഴിയുന്നവരെ സഹായിക്കുവാനും ഈ നഷ്ടത്തിലൂടെ സാധിച്ചുവെന്നും ജോൺസൺ പറയുന്നു.
30 ഏക്കറിലെ സ്വർഗം, പേമാരിയിൽ പൊലിഞ്ഞു
പായിപ്പാട് പഞ്ചായത്തിലെ 4,5 വാർഡുകളിലെ 30 ഏക്കർ വരുന്ന തോട്ടത്തിലെ കൃഷിയാണ് കനത്ത മഴയിലും കാറ്റിലും നശിച്ചത്. കൊക്കോട്ടുചിറ കുളത്തിനു സമീപം ഐത്തിമുണ്ഡകം പാടശേഖരം എന്നാണ് ഇതിനെ അറിയപ്പെടുന്നത്. പായിപ്പാട് കൃഷിഭവൻ കാർഷിക വികസന കർഷക ക്ഷേമവകുപ്പിന്റെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.ജോൺസന്റെ മാത്രമല്ല ജോസ് തുണ്ടിയിൽ, സണ്ണി കരിമ്പിൽ, രഘു പുതുപ്പറമ്പിൽ എന്നിവർക്കും കൃഷിനാശം സംഭവിച്ചു. മുൻപ്രളയവും ഇവർക്ക് ദുരിതം സമ്മാനിച്ചിരുന്നു. ഓരോ കർഷകനും ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.