കോട്ടയം: 'പാവാട പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ താമര മൊട്ടായിരുന്നു നീ ....' 98 കാരിയായ ജാനകിയമ്മ ക്ലാസ് മുറിയിലെ ഡസ്കിൽ താളമിട്ട് ഈണത്തിൽ പാടുകയാണ്. പുറത്ത് താളം പിടിച്ച് ചന്നം പിന്നം പെയ്യുന്ന മഴയും.

അടിമുടി സംഗീതമയമാണ് വേളൂർ സെന്റ് ജോൺസ് യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് . വെള്ളപ്പൊക്കത്തിന്റെ ദുരിതത്തിൽ നിന്ന് കരകയറാൻ ക്യാമ്പിലെത്തിയവരെ സംഗീതലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി ആശ്വസിപ്പിക്കുന്നത് മുതു മുത്തശ്ശി ജാനകിയമ്മയാണ്.

മലയാള വർഷം 99ലെ വൻ പ്രളയത്തിന് സാക്ഷിയായ വേളൂർ നാലുകണ്ടത്തിൽ ജാനകിയമ്മയ്ക്ക് ഈ മഴയും വെള്ളപ്പൊക്കവുമൊന്നും വലിയകാര്യമല്ല. വെള്ളപ്പൊക്കമെന്നാൽ അത് 99ലെ തന്നെയെന്ന് അവർ പറയും.

അന്ന് പകൽ സൂര്യനെ കണ്ടിട്ടേയില്ല .മഴക്കാറ് നിറഞ്ഞ് മൊത്തം ഇരുട്ട് തന്നെ . അസ്ഥി കോടിപ്പോകുന്ന തണുത്ത ചുളുചുളുപ്പൻ കാറ്റ്. കരിമ്പടം പുതച്ചേ ഇരിക്കാനാവൂ. രാവും പകലും തുള്ളിക്കൊരു കുടം പോലെ പെരു മഴ. ഒരു മാസം കഴിഞ്ഞും നീണ്ട പ്രളയം. പീള മൂടിയ കണ്ണുകളിൽ അക്കാലം നമ്മളെ അനുഭവിപ്പിച്ച് ജാനകിയമ്മ പിന്നെയും പാടുകയാണ്.

പേരക്കുട്ടി രാഹുലാണ് ജാനകിയമ്മയെ പൊക്കിയെടുത്ത് കഴിഞ്ഞ ഒമ്പതിന് ക്യാമ്പിലെത്തിച്ചത്. കൂട്ടിന് മകൻ രവിയും ഭാര്യയുമുണ്ട്.

98ലെത്തിയെങ്കിലും പ്രായത്തിന്റെ വലിയ അവശതകളില്ല. തണുപ്പാണ് പ്രശ്നം . തണുപ്പകറ്റാൻ കമ്പിളി പുതച്ചാണ് ഇരിപ്പ്. പാടുമ്പോൾ ശരീരം ചൂടാകും. തണുപ്പ് അകലും. രാത്രി ഉറങ്ങാൻ കിടക്കുന്നത് തറയിൽ പായ് വിരിച്ച് മകന്റെയും മരുമകളുടെയും നടുവിലാണ് . ഇരുവരെയും പാട്ടുപാടി ഉറക്കുന്നത് താനാണെന്ന് ജാനകിയമ്മ അവകാശപ്പെടുമ്പോൾ, തങ്ങളെ പഴയപാട്ടുകൾ പാടിക്കേൾപ്പിച്ചുറക്കുന്നതിനും രാത്രി മുഴുവൻ ഉറക്കാതിരിക്കുന്നതിനും കാരണക്കാരി പാട്ടു മുത്തശ്ശിയാണെന്നാണ് ക്യാമ്പിലെ മറ്റ് അംഗങ്ങൾ പറയുന്നത്.

നാടൻ പാട്ടുകൾ സദാ നാവിൻ തുമ്പിൽ നിറയുന്ന ജാനകിയമ്മ. പരിചമുട്ട് കളി പാട്ടിന്റെ ഈരടികൾ ഈണത്തിൽ പാടി നിറുത്തിയ ശേഷം മതിയോ എന്ന് ചോദിച്ച് അടുത്ത പാട്ടിലേക്ക് കടക്കുകയാണ്.

ക്യാമ്പിലെ കൊച്ചു കുട്ടികൾ പാട്ട് കേൾക്കാൻ ചുറ്റും കൂടുമ്പോൾ ജാനകിയമ്മയിലും ആവേശം പെയ്തൊഴിയാത്ത മഴയാവുകയാണ്.