കോട്ടയം: ജില്ലയുടെ വിവിധ മേഖലകൾ ദുരിതത്തിലാണെങ്കിലും കളക്ഷൻ ക്യാമ്പുകളിലേയ്ക്ക് കോട്ടയത്തിന്റെ മനസ് പൂർണമായും എത്തിയിട്ടില്ല. കഴിഞ്ഞ പ്രളയത്തിന് പണമായും അവശ്യസാധനങ്ങളുമായി കളക്ഷൻ സെന്ററുകൾ നിറഞ്ഞിരുന്നെങ്കിൽ ഇന്ന് അതല്ല സ്ഥിതി. ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് ആവശ്യമുള്ള സാധനങ്ങളുടെ പകുതി പോലും എത്തിയിട്ടില്ല.

അരിയും പയറും മറ്റും സർക്കാർ എത്തിക്കുമെങ്കിലും വസ്ത്രം അടക്കമുള്ള അവശ്യ സാധനങ്ങൾ എല്ലാ ക്യാമ്പുകളിലേയ്ക്കും വേണം. സന്നദ്ധ സംഘടനകളും സൻമനസിന് ഉടമകളും വാരിക്കോരി സഹായിച്ച കാഴ്ചയായിരുന്നു കഴിഞ്ഞ തവണ. ആലപ്പുഴ അടക്കമുള്ള പ്രദേശങ്ങളിലേയ്ക്ക് കോട്ടയത്തു നിന്ന് ലോഡ് കണക്കിന് സാധനങ്ങൾ എത്തിച്ചെങ്കിൽ ഇക്കുറി ഇതല്ല സ്ഥിതി. പ്രളയത്തിൽ മുങ്ങിയ പടിഞ്ഞാറൻ മേഖലയ്ക്ക് വേണ്ട സാധനങ്ങൾ പോലും കിട്ടിത്തുടങ്ങിയിട്ടില്ല. ജില്ലയുടെ ആവശ്യം തികയാത്തതിനാൽ ദുരിതം അനുഭവിക്കുന്ന മലബാർ മേഖലയിലേയ്ക്കും കാര്യമായ സംഭാവന നൽകാൻ കോട്ടയത്തിന് ആയിട്ടില്ല. കളക്ഷൻ കുറവായതിനാൽ സെന്ററുകൾ ചുരുക്കി ബസേലിയസ് കോളേജിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ക്യാമ്പ് വിട്ട് വീട്ടിലേയ്ക് പോകുന്നവർക്കും ലോഷൻ അടക്കമുള്ള സാധനങ്ങൾ നൽകാനായില്ല.

അവശ്യസാധനങ്ങളുടെ അഭ്യർത്ഥനകളുമായി നിരവധി പ്രചാരണങ്ങൾ നടത്തിയിട്ടും ആരും മൈൻഡ് ചെയ്യുന്നില്ല. വസ്ത്രങ്ങൾ,​ പുതപ്പുകൾ,​ പായകൾ,​ നാപ്കിനുകൾ തുടങ്ങിയവയ്ക്കാണ് കൂടുതൽ ഡിമാൻഡ്.

വേണ്ടത് ഇവ

പായ,​ പുതപ്പുകൾ,​ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വസ്ത്രങ്ങൾ,​ അടിവസ്ത്രങ്ങൾ,​ ബിസ്കറ്റ്,​ സോപ്പുകൾ,​ സാനിറ്ററി നാപ്കിനുകൾ,​ ഡയപ്പറുകൾ,​ ആന്റി സെപ്റ്റിക് ലോഷൻ,​ മെഴുകുതിരി

കണ്ണുതുറന്നേ മതിയാവൂ

ബാർ അസോസിയേഷൻ നേതാവ് പറയുന്നത് ഇങ്ങനെ: സംഘടനാ തലത്തിൽ പ്രളയത്തിൽ സാമ്പത്തികമായി സഹായിക്കാൻ എല്ലാവരോടും പറഞ്ഞെങ്കിലും ഒരാളും കേട്ടമട്ടില്ല. ഒടുവിൽ ഒറ്റയ്ക്ക് കുറച്ചു പുതപ്പുകൾ വാങ്ങി നൽകുകയായിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ വർഷം ഈ സമയത്ത് രാവും പകലും ഉണർന്നിരിക്കുകയായിരുന്നു കളക്ഷൻ സെന്ററുകൾ. സാധനങ്ങളുമായി എത്തുന്ന ആളുകളുടെ നീണ്ട നിരയായിരുന്നു.