പാലാ : പാലാ പൊലീസ് സ്റ്റേഷനിൽ എത്തിയാൽ സ്ഥലം മാറിപ്പോയോ നമുക്ക് സംശയം തോന്നാം,മനോഹരമായ കുട്ടി പൊലീസ് സ്റ്റേഷൻ പാലാ പൊലീസ് സ്‌റ്റേഷന്റെ കൂടി മുഖച്ഛായ മാറ്റി. കുട്ടികൾക്ക് വിശ്രമിക്കുവാനും, വിനോദത്തലേർപ്പെടാനുള്ള സൗകര്യങ്ങളുമായി കേരളത്തിൽ 52 ശിശു സൗഹൃദ സ്റ്റേഷനുകളാണ് തയ്യാറായിരിക്കുന്നത്. ഇതിൽ ആദ്യം പണി പൂർത്തിയായവയിൽ ഒന്നാണ് പാലാ. സ്റ്റേഷനുകളിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവരുടെ കുട്ടികൾക്ക് വിശ്രമിക്കുവാനുള്ള സൗകര്യമാണ് പ്രധാനമായും ഒരുക്കിയിരിക്കുന്നത്.
ശിശുസൗഹൃദ സ്റ്റേഷനുകളിലെ പുതിയ കെട്ടിടത്തിന്റെ ഭാഗമായി ടി.വി, വാട്ടർ കൂളർ, കളക്കോപ്പുകൾ, കളിസ്ഥലം ഇവയെല്ലാം ഇവിടെയുണ്ട്. ജില്ലയിൽ ഇത്തരത്തിൽ രണ്ട് സ്റ്റേഷനുകളിൽ കൂടി ശിശു സൗഹൃദ സ്റ്റേഷനുകൾ ഉണ്ട്. പാലാ കൂടാതെ പൊൻകുന്നവും എരുമേലിയുമാണ് ശിശുസൗഹാർദ്ദമാവുന്ന മറ്റ് സ്റ്റേഷനുകൾ. ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കായിരിക്കും ഇവിടുത്തെ പ്രവർത്തനങ്ങളുടെ ചുമതല. നിലവിലെ വനിതാ ഹെൽപ് ഡെസ്‌ക് അതേ നിലയിൽ പ്രവർത്തനം തുടരും. കേരള ഹൗസിംഗ് സഹകരണ സംഘമാണ് 52 കേന്ദ്രങ്ങളുടേയും നിർമ്മാണം ഏറ്റെടുത്ത് നടത്തുന്നത്. ഒരേ നിറത്തിലും ഘടനയിലും നിർമ്മിക്കുന്ന കെട്ടിടത്തിലെ ചുവരിൽ വരയ്ക്കുന്ന ചിത്രവും എല്ലാം ഒന്നു തന്നെ. 9 ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്. 52 ശിശു സൗഹൃദ സ്റ്റേഷനുകളുടേയും ഉദ്ഘാടനം ആഗസ്റ്റ് 10 ന് വീഡയോ കോൺഫറൻസിലൂടെ നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചെന്ന് ഡിവൈ.എസ്.പി ഷാജിമോൻ ജോസഫ് പറഞ്ഞു.