prk-197-19

കോട്ടയം: പ്രളയക്കെടുതികളുടെ ഭീതിയിൽ രക്ഷിതാക്കൾക്കൊപ്പം പേടിയോടെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ കുട്ടികൾ ഇപ്പോൾ പാട്ടും കളികളുമായി ആഹ്ലാദത്തിലാണ്. ചൈൽഡ് ലൈൻ സംഘടിപ്പിക്കുന്ന ആക്ടിവിറ്റി ക്യാമ്പുകൾ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലെ അനേകം കുഞ്ഞുങ്ങൾക്കാണ് ആശ്വാസമാകുന്നത്.

വീട്ടിൽ വെള്ളം കയറിയതിന്റെയും വളർത്തു മൃഗങ്ങളെയും പാഠപുസ്തകങ്ങളും നഷ്ടപ്പെട്ടതിന്റെയും വിഷമങ്ങൾ കുട്ടികൾ കൗൺസിലർമാരോട് പങ്കുവച്ചു. വിവിധ താലൂക്കുകളിലെ ക്യാമ്പുകളിൽ എത്തിയിട്ടുള്ള 18 വയസിൽ താഴെയുള്ള കുട്ടികൾക്കാണ് ചൈൽഡ് ലൈനിന്റെ നേതൃത്വത്തിൽ കൗൺസലിംഗും ബി.സി.എം കോളേജ് സോഷ്യൽ വർക്ക് വിഭാഗത്തിലെ വിദ്യാർഥികൾ മാനസികോല്ലാസത്തിനുള്ള പരിപാടികളും നടത്തുന്നത്.

ആദ്യഘട്ട ക്ലാസുകൾ വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി ഹാൾ, പുല്ലരിക്കുന്ന് പള്ളി ഹാൾ, അയ്മനം സെന്റ് ജോൺസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, ഒളശ്ശ സി.എം.എസ് ഹൈസ്‌കൂൾ, ഇല്ലിക്കൽ സെന്റ്. ജോൺസ് സ്‌കൂൾ എന്നിവിടങ്ങളിൽ ക്യാമ്പ് നടത്തി.

പ്രളയത്തെ അഭിമുഖീകരിച്ച കുട്ടികളുടെ മാനസികോല്ലാസവും സംരക്ഷണവും ലക്ഷ്യമാക്കിയാണ് പരിപാടി നടത്തുന്നതെന്ന് ചൈൽഡ് ലൈൻ ജില്ലാ കോർഡിനേറ്റർ ജസ്റ്റിൻ മൈക്കിൾ പറഞ്ഞു. രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു വരെയാണ് ക്യാമ്പുകൾ സന്ദർശിക്കുന്നത്.

ചൈൽഡ് ലൈൻ പഠന സാമഗ്രികൾ ശേഖരിക്കുന്നു പ്രളയത്തിൽ പഠന സാമഗ്രികൾ നഷ്ടമായ കുട്ടികൾക്ക് കൈത്താങ്ങായി ചൈൽഡ് ലൈൻ പ്രത്യേക കളക്ഷൻ സെന്റർ ആരംഭിച്ചു. ഫോൺ: 04812571098, 9961227833.