കോട്ടയം: ദുരഭിമാന കൊലക്കേസ് എന്ന പേരിൽ ശ്രദ്ധിക്കപ്പെട്ട കെവിൻ വധക്കേസിൽ വിധി ഇന്ന്. കെവിന്റെ കാമുകി നീനുവിന്റെ പിതാവും സഹോദരനും അടക്കം 14 പേരാണ് പ്രതികൾ. രാവിലെ 11 ന് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി എസ്.ജയചന്ദ്രനാണ് വിധി പറയുക.

പ്രണയത്തിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നീനുവിന്റെ സഹോദരനും സംഘവും ചേർന്ന് 2018 മേയ് 27 ന് കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് കേസ്. നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ ഒന്നാം പ്രതിയും പിതാവ് ചാക്കോ ജോൺ അഞ്ചാം പ്രതിയുമാണ്. നിയാസ് മോൻ, ഇഷാൻ ഇസ്‌മയിൽ, റിയാസ് ഇബ്രാഹിം കുട്ടി , മനു മുരളീധരൻ, ഷിഫിൻ സജാദ് , എൻ.നിഷാദ്, ടിറ്റു ജെറോം , അപ്പുണ്ണി, ഫസിൽ ഷെരീഫ് , ഷാനു ഷാജഹാൻ , ഷിനു ഷാജഹാൻ, റെമീസ് ഷെറീഫ് എന്നിവരാണ് മറ്റു പ്രതികൾ.
ഐ.പി.സി 302 കൊലപാതകം , 364 എ തട്ടിയെടുത്തു വിലപേശൽ, 120 ബി ഗൂഢാലോചന, 449 ഭവനഭേദനം, 321 ആക്രമിച്ച് മാരകമായി പരിക്കേൽപ്പിക്കൽ, 342 തടഞ്ഞു വയ്ക്കൽ, 506 രണ്ട് ഭീഷണിപ്പെടുത്തൽ, 427 നാശനഷ‌്ടമുണ്ടാക്കൽ, 201 തെളിവുനശിപ്പിക്കൽ, 34 പൊതു ഉദ്ദേശത്തോടെ സംഘംചേരൽ തുടങ്ങിയവയാണ് പ്രതികൾക്കെതിരായ വകുപ്പുകൾ.

കേസിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് ഗാന്ധിനഗർ സ്റ്റേഷനിലെ ഹൗസ് ഓഫീസർ എസ്.ഐ ഷിബു, എ.എസ്.ഐ ബിജു എന്നിവരെ പിരിച്ചു വിട്ടിരുന്നു. സംഭവ ദിവസം ഗാന്ധിനഗർ സ്റ്റേഷന്റെ ചുമതലയിലുണ്ടായിരുന്ന ജി.ഡി ചാർജ് സണ്ണിമോനെയും ഡ്രൈവർ അജയകുമാറിനെയും സസ്പെന്റ് ചെയ്തു. മേൽനോട്ട വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയായിരുന്ന വി.എം മുഹമ്മദ് റഫീഖിനെയും, ഡിവൈ.എസ് .പിയായിരുന്ന ഷാജിമോൻ ജോസഫിനെയും സ്ഥലം മാറ്റുകയും ചെയ്തു. സി.എസ് അജയനാണ് സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ.