കോട്ടയം: ജില്ലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടിൽ സാദ്ധ്യതയുള്ള കിഴക്കൻ മലയോരമേഖലയിൽ ജില്ലാഭരണകൂടവും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും നിതാന്ത ജാഗ്രതയിൽ. കൂട്ടിക്കൽ, തലനാട്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളിൽ ദുരന്ത സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന് ആവശ്യമായ ക്യാമ്പുകളും യാത്രാസൗകര്യങ്ങളും ഒരുക്കുന്നതിനൊപ്പം ജനങ്ങൾ പരിഭ്രാന്തരാകാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. റവന്യു, തദ്ദേശസ്വയംഭരണം, പൊലീസ്, അഗ്നിസുരക്ഷാ സേന എന്നിവ പ്രദേശത്ത് ജാഗ്രത പുലർത്തുന്നുണ്ട്.
ഈ പ്രദേശങ്ങളിലുള്ളവർക്ക് ഏറ്രവും അടുത്ത് സുരക്ഷിതമായ കേന്ദ്രങ്ങളിൽ താമസസൗകര്യവും വീട്ടിൽനിന്ന് ക്യാമ്പിൽ എത്താൻ ആവശ്യമുള്ളവർക്ക് വാഹനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ജനങ്ങൾ യാതൊരുതരത്തിലും പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രകൃതിക്ഷോഭത്തെക്കുറിച്ച് എന്തെങ്കിലും ആശങ്കയുള്ളവർ ക്യാമ്പിലേക്ക് മാറി താമസിക്കണമെന്നുമാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. തിങ്കളാഴ്ച രാത്രിയാണ് ക്യാമ്പുകൾ സജ്ജമാക്കിയത്. രാത്രി സുരക്ഷിതമായി ക്യാമ്പിൽ താമസിച്ചവർ ഇന്നലെ പകൽ മഴ മാറി നിന്നതുകൊണ്ട് വീടുകളിലേക്ക് മടങ്ങി.വളർത്തുമൃഗങ്ങൾ ഉള്ളവർ അവയെ പരിപാലിക്കാനും മറ്റുമായാണ് തിരിച്ചുപോയത്. ഇന്നലെ ഉച്ചയ്ക്ക്ശേഷം വീണ്ടും ആകാശത്ത് കാർമേഘം ഉരുണ്ടുകൂടിയതോടെ പലരും ക്യാമ്പിലേക്ക് വിളിച്ച് തിരിച്ചെത്തുന്ന കാര്യം അറിയിച്ചിട്ടുണ്ട്. എത്രപേർ വന്നാലും മതിയായ സൗകര്യം ഒരുക്കുമെന്നാണ് അധികൃതർ നൽകുന്ന മറുപടി.
സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളെന്ന് മുന്നറിയിപ്പ് നൽകിയിട്ടുള്ള സ്ഥലങ്ങളിലൊക്കെ മുമ്പും നിരവധിതവണ ചെറുതും വലുതുമായ ഉരുൾപൊട്ടലൊ, മണ്ണിടിച്ചിലോ ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ ദിവസം തീക്കോയി പഞ്ചായത്തിലെ അടുക്കത്തുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ താഴ്വരയിലെ പത്തോളം വീടുകളിൽ വെള്ളം കയറിയിരുന്നു.
കൂട്ടിക്കൽ പഞ്ചായത്തിലെ ചാത്തൻപ്ലാപ്പള്ളിയിൽ മൂന്ന് പതിറ്റാണ്ട് മുമ്പുണ്ടായ വലിയൊരു ഉരുൾപൊട്ടലിന്റെ നടക്കുന്ന ഓർമകൾ പലർക്കുമുണ്ട്. അന്നുതൊട്ട് ഇങ്ങോട്ട് എല്ലാ മഴക്കാലവും ചാത്തൻപ്ലാപ്പള്ളി നിവാസികൾക്ക് ഉള്ളിൽ തീയാണ്. ഇത്തവണ മുൻകരുതലെന്ന നിലയിൽ മാറിതാമസിക്കാൻ ക്യാമ്പുകൾ തുറന്നത് ഇവർക്ക് ആശ്വാസമായിട്ടുണ്ട്.
വില്ലൻ പാറമടകൾ
വല്യേന്ത, കൊടുങ്ങ, ഏന്തയാർ ഭാഗങ്ങളിലെ വൻപാറമടകളാണ് ഈ പ്രദേശത്തെ പ്രകൃതിക്ഷോഭങ്ങൾക്ക് കാരണം. വല്യേന്ത ഭാഗത്ത് ക്വാറിയിൽ സ്പോടനം നടക്കുമ്പോൾ നാല് കിലോമീറ്റർ അകലെ ഏന്തയാർ ടൗണിലുള്ള കെട്ടിടങ്ങൾ പോലും കുലുങ്ങാറുണ്ട്. പരിസ്ഥിതി ദുർബല മേഖല കൂടിയായ ഇവിടുത്തെ പാറമടകൾക്ക് നിയന്ത്രണം വേണം
- എം.പി. ചന്ദ്രദാസ്, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അംഗം
ശ്രദ്ധിക്കേണ്ടയിടങ്ങൾ
കൊടുങ്ങ, വല്യേന്ത, ചാത്തൻപ്ലാപ്പള്ളി, മുക്കുളം, വെമ്പാല, ചോലത്തടം, അണുങ്ങുംപടി, കൈപ്പിള്ളി, ചോനമല, അടുക്കം, വെള്ളാനി, മുപ്പതേക്കർ, കാരിക്കാട്, ഒറ്റയീട്ടി, വെള്ളിക്കുളം, അടിവാരം