അയർക്കുന്നം: കനത്ത മഴ ദുരിതം വിതച്ച ആറുമാനൂരിൽ ഈ നാട്ടുകാർ മറ്റൊരു ഭയത്തിലാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കാത്തവർക്കും, ഇവിടെ പേര് രജിസ്റ്റർ ചെയ്യാത്തവർക്കും സഹായം ഉണ്ടാകില്ലെന്ന പ്രഖ്യാപനമാണ് അയർക്കുന്നം ആറുമാനൂർ നിവാസികളെ ഭയപ്പെടുത്തുന്നത്. നാലു ചുറ്റിലും വെള്ളം കയറി, വീടും സമ്പാദ്യവും എല്ലാം നാശത്തോട് അടുക്കുമ്പോൾ ഇനി സർക്കാർ സഹായം കൂടി ലഭിക്കില്ലേ എന്ന ആശങ്കയിലാണ് ഈ നാട്ടുകാർ.
അയർക്കുന്നം പഞ്ചായത്തിൽ ആകെ 11 ക്യാമ്പുകളാണ് ആരംഭിച്ചിരുന്നത്. എന്നാൽ, വീടുവിട്ട് പോകാൻ സാധിക്കാത്ത നൂറുകണക്കിന് കുടുംബങ്ങളും ആളുകളും ഇപ്പോഴും അരയറ്റം വെള്ളത്തിൽ വീടുകളിൽ തന്നെ കഴിയുകയാണ്. അയർക്കുന്നത്ത് മീനച്ചിലാറിന്റെ തീരപ്രദേശമായ ആറുമാനൂരിൽ താമസിക്കുന്നവരാണ് ഇപ്പോൾ ഈ ദുരിതത്തെ ഏറ്റവുമധികം ഏറ്റുവാങ്ങിയിരിക്കുന്നത്.
സർക്കാർ സഹായം അനുവദിക്കുന്നതിനായി പട്ടിക തയ്യാറാക്കിയതാണ് ഇപ്പോൾ ഇവരെ ഏറെ ആശങ്കപ്പെടുത്തുന്നത്. സഹായങ്ങൾക്ക് അർഹരായവരുടെ പട്ടിക തയ്യാറാക്കുന്നതിൽ ഇപ്പോഴും കൃത്യമായ വ്യക്തതയില്ലെന്ന് ജനപ്രതിനിധികൾ അടക്കമുള്ളവർ ആരോപിക്കുന്നു. ക്യാമ്പുകളിൽ കഴിയുന്നവർക്ക് മാത്രം സഹായം നൽകാനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഈ സാഹചര്യത്തിലാണ് ദുരിതാശ്വാസ ക്യാമ്പിലല്ലാതെ വീടുകളിൽ കഴിയുന്നവർ ആശങ്കയിലായിരിക്കുന്നത്. വീട്ടിൽ രോഗികൾ ആയവർ ഉള്ളവരും, വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ച് പോകാനാവാത്തവരും അടക്കമുള്ള നിരവധി ആളുകളാണ് ഇപ്പോഴും വീടുകളിൽ കഴിയുന്നത്. എന്നാൽ, ഇവരുടെ പട്ടിക ദുരിതബാധിതരുടെ പട്ടികയിൽ ഇപ്പോഴും ഉൾപ്പെട്ടിട്ടില്ല. ജില്ലയുടെ വിവിധ മേഖലകളിൽ ഇപ്പോഴും ക്യാമ്പുകളിൽ പോകാത്ത നിരവധി ദുരിതബാധിതരുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
പട്ടികയിൽ ഇവരും ഉണ്ടാകണം
ഇത്തരക്കാരെയും ഉൾപ്പെടുത്തി വേണം ആനുകൂല്യങ്ങൾ നൽകാനുള്ള റിപ്പോർട്ട് തയ്യാറാക്കാൻ. ഓരോ ക്യാമ്പിന്റെയും ചുമതല ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയാണ് ഏൽപ്പിച്ചിരിക്കുന്നത്. എന്നാൽ, മറുപടി പറയേണ്ടത് ജനപ്രതിനിധികളാണ്. ഈ സാഹചര്യത്തിൽ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം. --
ജോയിസ് കൊറ്റത്തിൽ
പള്ളം ബ്ലോക്ക് പഞ്ചായത്തംഗം