പൊൻകുന്നം : കണമല സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ള രാഷ്ട്രീയകക്ഷികളുടെ വിചിത്രമായ കൂട്ടുകെട്ട് കണ്ട് അന്തം വിട്ടിരിക്കുകയാണ് സഹകാരികൾ. യു.ഡി.എഫ്, കോൺഗ്രസും, കേരള കോൺഗ്രസും, എൽ.ഡി.എഫും പിളർന്നു. പിളർന്നവരും പിളരാത്തവരുമൊക്കെച്ചേർന്ന് തട്ടിക്കൂട്ടിയ അവിയൽ സഖ്യം കണ്ട് നാട്ടുകാർ ചിരിക്കുകയാണ്. മുതിർന്ന കോൺഗ്രസ് നേതാവ് എ.ജെ.ചാക്കോയുടെ നേതൃത്വത്തിൽ കോൺഗ്രസിലെ ഒരു വിഭാഗവും സി.പി.എമ്മും കേരള കോൺഗ്രസ് ജോസ് വിഭാഗവും ചേർന്ന് ഒരു സഖ്യം. ആകെയുള്ള11സീറ്റിൽ കേരളകോൺഗ്രസ് 5, സി.പി.എം 3, കോൺഗ്രസ് 3 എന്നിങ്ങനെയാണ് സീറ്റ് വിഭജനം. കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഒ.ജെ.കുര്യന്റെ നേതൃത്വത്തിൽ കോൺഗ്രസിലെ മറുവിഭാഗവും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പും ചേർന്നതാണ് മറ്റൊരു പാനൽ. 10 സീറ്റിൽ കോൺഗ്രസും ,ഒരു സീറ്റിൽ ജോസഫ് ഗ്രൂപ്പുമാണ് മത്സരിക്കുന്നത്. സി.പി.എം ഇടതുപക്ഷ നയങ്ങളിൽ നിന്നു വ്യതിചലിച്ചെന്നാരോപിച്ച് സി.പി.ഐ തനിച്ച് മത്സരിക്കുന്നു. എബി കാവുങ്കലാണ് സാരഥി. എൻ.ഡി.എയും മത്സരരംഗത്തുണ്ട്. 24 നാണ് വോട്ടെടുപ്പ്. കോൺഗ്രസ് രണ്ടായി പിളർന്നെങ്കിലും തങ്ങളാണ് യഥാർത്ഥ കോൺഗ്രസെന്നാണ് ഇരുഗ്രൂപ്പുകളുടെയും അവകാശവാദം. ഔദ്യോഗിക നേതൃത്വത്തിന്റെ പിന്തുണ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.