പാലാ : വർഷ കാലത്ത് വെള്ളം ശേഖരിക്കാൻ മഴക്കുഴികൾ നല്ലതാണ്. പക്ഷേ അത് നടുറോഡിലായാലോ ? തോരാമഴ യാത്രക്കാർക്ക് സമ്മാനിച്ചത് ദുരിതയാത്രയാണ്. പാലായിലെ നിരവധി സ്ഥലങ്ങളിലാണ് റോഡ് തകർന്ന് കുഴിയായിരിക്കുന്നത്. 'അന്താരാഷ്ട്ര നിലവാരത്തിൽ ' ടാർ ചെയ്ത റോഡുകളിലാണ് കുഴികളേറെയെന്നതാണ് അതിശയം. ഇരുചക്രവാഹനങ്ങളും മറ്റും തുടർച്ചയായി അപകടത്തിൽപ്പെട്ടിട്ടും കുഴികൾ മൂടാൻ അധികാരികൾക്കു മടിയാണ്. പാലാ മെയിൻ റോഡിൽ സ്റ്റേഡിയം ജംഗഷൻ, മഹാറാണി തിയേറ്ററിനു മുൻഭാഗം, രാമപുരം റോഡ് എന്നിവിടങ്ങളിൽ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. മഴയ്ക്ക് മുൻപേ ചെറുകുഴികൾ രൂപപ്പെട്ടിരുന്നു. തുടർച്ചയായുള്ള മഴയിൽ അത് പാതാളക്കിടങ്ങായെന്ന് മാത്രം. നഗരമദ്ധ്യത്തിലെ കുരിശുപള്ളി ജംഗ്ഷനിൽ നിന്ന് രാമപുരം റോഡ് തിരിയുന്ന ഭാഗത്തുള്ള കുഴിയാണ് ഏറ്റവും വലുത്.


ഏറെ തിരക്കുള്ള ഈ ഭാഗത്തെ വലിയ കുഴി വാഹനങ്ങൾക്കും, സ്‌കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കും ഏറെ ദുരിതമുണ്ടാക്കുന്നു. മഴക്കുഴികൾ ഉടൻ മൂടാൻ അധികാരികൾ തയ്യാറായില്ലെങ്കിൽ തൊഴിലാളികളെ കൂട്ടി സമരം ആരംഭിക്കും.
ജോസുകുട്ടി പൂവേലിൽ,
കെ.ടി.യു.സി (എം)

കരുതിയിരിക്കണം ഇവിടം

സ്റ്റേഡിയം ജംഗഷൻ

മഹാറാണി തിയേറ്റർ

രാമപുരം റോഡ്