പാലാ : ചേർപ്പുങ്കൽ ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളിക്രോസ് കോളേജിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങൾ 16 ന് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. ജൂബിലി സ്മാരകമായി നിർമ്മിച്ച മീഡിയ ബ്ലോക്കിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. കോളേജ് മാനേജർ ഫാ.ജോസ് അഞ്ചേരിൽ അദ്ധ്യക്ഷനാകും. എം.ജി സർവ്വകലാശാല വി.സി ഡോ.സാബു തോമസ് മുഖ്യ പ്രഭാഷണം നടത്തും. എം.പിമാരായ തോമസ് ചാഴികാടൻ, ജോസ് കെ.മാണി, മോൻസ് ജോസഫ് എം.എൽ.എ, വികാരി ജനറാൾ മോൺ.ജോസഫ് കുഴിഞ്ഞാലിൽ, നഗരസഭാദ്ധ്യക്ഷ ബിജി ജോജോ, സന്ദീപ് തോമസ്, ടോണി ഷാജി എന്നിവർ പ്രസംഗിക്കും.
കോളേജിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളും ഇഗ്‌നോ സ്റ്റഡി സെന്ററും പ്രവർത്തിക്കുന്നു. രജതജൂബിലി സ്മാരക ബ്ലോക്കിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ മീഡിയ സ്റ്റഡീസ് ക്ലാസുകൾ, ത്രീഡി ഡിജിറ്റൽ തിയേറ്റർ, ഗ്രാഫിക്‌സ് ലാബുകൾ, സൗണ്ട് സ്റ്റുഡിയോ, ലൈറ്റ് സ്റ്റുഡിയോ, ഫിലിം എഡിറ്റിംഗ്, കോൺഫറൻസ് ഹാൾ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിവിധ സംഘടനാ പ്രവർത്തനത്തിലൂടെ കുട്ടികളിലെ മൂല്യവർദ്ധന പരിപാടികൾ സംഘടിപ്പിക്കുന്നതായും ലൂർദ്ദ്ഭവനിലെ അന്തേവാസികൾക്ക് ഒരു ദിവസത്തെ ഭക്ഷണം നൽകുന്നത് ഉൾപ്പെടെയുള്ള മാതൃകാ പ്രവർത്തനങ്ങൾ കുട്ടികളുടെ സഹകരണത്തോടെ നടത്തുന്നതായും പ്രിൻസിപ്പൽ ഫാ.ജോസഫ് ഞാറക്കാട്ടിൽ, ഫാ.ജോസഫ് മുണ്ടയ്ക്കൽ, ഡോ.ജോർജുകുട്ടി വട്ടോത്ത്, എൽസ മേരി സ്‌കറിയ, പ്രൊഫ. ബിലാസ് ജോസഫ്, എന്നിവർ പറഞ്ഞു.