പാലാ : മീനച്ചിലാറിന്റെ ഇരുകരകളിലുമുള്ളവരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ ശാശ്വതമായ നടപടികൾ സ്വീകരിക്കണമെന്ന് യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കൽ ആവശ്യപ്പെട്ടു. മീനച്ചിലാറ്റിൽ നിലവിലുള്ള നിരവധി ചെക്ക്ഡാമുകൾ കൃത്യസമയത്ത് അടയ്ക്കുന്നതിനും തുറക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണം. തുലാവർഷം ആരംഭിക്കുമ്പോൾ തന്നെ ചെക്കുഡാമുകൾ അടയ്ക്കുകയും കാലവർഷം ആരംഭിക്കുമ്പോൾ ചെക്കുഡാമുകൾ തുറക്കുകയും ചെയ്യണം. ഇതുവഴി വേനൽക്കാലത്ത് ജലലഭ്യത ഉറപ്പുവരുത്തുന്നതിനും മഴക്കാലത്ത് മഴവെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനും സാധിക്കും. മഴക്കാലത്ത് ചെക്കുഡാമുകൾ തുറക്കാത്തത് മൂലം മീനച്ചിലാറിന്റെ അടിത്തട്ട് മുഴുവൻ ചെളി നിറഞ്ഞിരിക്കുകയാണ്. ഇതുമൂലം ആറിന്റെ ആഴം കുറയുകയും വെള്ളം അതിവേഗം കരകവിയുന്നതിനും കാരണമാകുന്നു. ഓരോ ചെക്കുഡാമിന്റെയും മേൽനോട്ടത്തിനായി കളക്ടർ ചെയർമാനായി ഉദ്യോഗസ്ഥരുടെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ കമ്മറ്റി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.