പാലാ : കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന ലോട്ടറി വില്പനക്കാരൻ മരിച്ചു. പാളയം പതിപ്പാട്ട് വർഗീസ് വിൻസെന്റ് (വിൽസൺ- 52) ആണ് മരിച്ചത്. കഴിഞ്ഞ 9ന് ഉച്ചക്ക് 12.30 ഓടെ പാലാ മരങ്ങാട്ടുപള്ളിറോഡിൽ കോഴിക്കൊമ്പിന് സമീപമായിരുന്നു അപകടം. കൊഴിക്കൊമ്പ് ജംഗ്ഷന് സമീപംലോട്ടറി വിൽപന നടത്തുകയായിരുന്ന വിൽസണെവേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മരങ്ങാട്ടുപള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ചേർപ്പുങ്കൽ കൊല്ലശേരിൽ ജിജോ മാത്യു ഓടിച്ച കാറാണ് അപകടത്തിനിടയാക്കിയത്. അപകടത്തിന്‌ശേഷം നിർത്താതെപോയകാറിനെ മറ്റൊരു കാറിൽ പ്രദേശവാസികൾ പിന്തുടർന്നെങ്കിലും ഇടവഴികളൂടെ കാർ പായിച്ച് വള്ളിച്ചിറ ഭാഗത്ത് കാർ ഉപേക്ഷിച്ച് ജിജോ മുങ്ങുകയായിരുന്നു. ഇയ്യാൾ ഒളിവിലാണ്. മരങ്ങാട്ടുപള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാലാ സ്വദേശി സക്കറിയായുടെ പക്കൽനിന്നും വാടകക്കെടുത്ത കാറാണ് ജിജോ ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ വിൽസൺകോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ 12ന് രാത്രി 12.30 ഓടെ മരിച്ചു. ഭാര്യ : ബിൻസി നമ്പ്യാകുളം പടിഞ്ഞാറേമലയിൽ കുടുംബാംഗമാണ്. മക്കൾ : അൽഫോൻസാ, ഏബൽ. സംസ്‌ക്കാരം നടത്തി.