കോട്ടയം: പ്രളയദുരിതത്തിൽപ്പെട്ട് കഷ്ടപ്പെടുന്ന വയനാടിന് സഹായവുമായി ജില്ലാ പൊലീസിന്റെ വാഹനം പുറപ്പെട്ടു. ഒറ്റ ദിവസംകൊണ്ട് ജില്ലയിലെ സ്റ്റേഷനുകളിൽ നിന്നും പൊലീസ് അനുബന്ധ യൂണിറ്റുകളിൽ നിന്നും ശേഖരിച്ച സാധന സാമഗ്രികൾ അടങ്ങിയ വാഹനം ജില്ല കളക്ടർ പി.കെ സുധീർബാബു ഫ്ളാഗ് ഓഫ് ചെയ്‌തു. നിത്യോപയോഗ സാധനങ്ങളായ അരി, പയർ, ബിസ്‌കറ്റ് തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള തുണിത്തരങ്ങളും സ്ത്രീകൾക്കുള്ള അടിവസ്ത്രങ്ങളും, സാനിറ്ററി നാപ്കിനുകളും, കുട്ടികൾക്കുള്ള ഡയെപ്പർ, ക്‌ളീനിംഗിനുള്ള ലോഷൻസ്, സോപ്പ് തുടങ്ങിയവയും അത്യാവശ്യ മരുന്നുകളും അടങ്ങിയ സാധനങ്ങളുടെ പട്ടിക ജില്ലാ പൊലീസ് മേധാവി പി.എസ് സാബു ജില്ലാ കളക്ടർക്കു കൈമാറി. അഡീഷണൽ എസ് പി എ.നസിം, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിമാരായ പാർത്ഥ സാരഥി, ശ്രീകുമാർ എന്നിവർ പങ്കെടുത്തു.