ഏറ്റുമാനൂർ: നിലമ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിലെയ്ക്ക് അവശ്യ സാധനങ്ങളുമായി പോയ ആറൻമുള സ്വദേശികളുടെ വാഹനം വ്യൂഹം തടഞ്ഞ് ഏറ്റുമാനൂരിൽ സാമൂഹ്യ വിരുദ്ധരുടെ അസഭ്യ വർഷം. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. കഴിഞ്ഞ വർഷത്തെ പ്രളയത്തിലകപ്പെട്ടപ്പോൾ തങ്ങളെ സഹായിച്ച സുമനസുകൾക്ക് പ്രത്യുപകാരം ചെയ്യാനെത്തിയതായിരുന്നു ആറൻമുളയിൽ നിന്നുള്ള നാട്ടുക്കൂട്ടം. ഇവരുടെ വാഹനം കാരിത്താസിലെത്തിയതുമുതൽ എർട്ടിക്കാ കാറിൽ പിന്നാലെ കൂടിയ ഒരു സംഘം ആളുകൾ ഇവർക്ക് നേരെ അസഭ്യ വർഷം നടത്തുകയായിരുന്നുവെന്ന് ആറൻമുളനാട്ടുക്കൂട്ടത്തിലെ അംഗവും പ്രോഗ്രാം കോ-ഓർഡിനേറ്ററുമായ ശ്യാം പറഞ്ഞു. സംഭവമറിഞ്ഞ് നാട്ടുകാർ എത്തിയതോടെ സാമൂഹ്യ വിരുദ്ധർ സ്ഥലം കാലിയാക്കി. സാമൂഹ്യവിരുദ്ധരെ പിടികൂടണമെന്നാവശ്യപ്പെട്ട് ഇവർ പ്രതിഷേധിച്ചതോടെ പൊലീസും സ്ഥലത്തെത്തി. കുറ്റവാളികളെ പിടികൂടുമെന്നും ദുരിതാശ്വസ ക്യാമ്പിലേയ്ക്കുള്ള യാത്ര വൈകിപ്പിക്കരുതെന്നുമുള്ള പൊലീസ് അഭ്യർത്ഥന മാനിച്ച് ആറൻമുള നാട്ടുക്കൂട്ടംപ്രതിഷേധം മതിയാക്കി യാത്ര പുനരാരംഭിച്ചു. നഗരസഭ വിദ്യാഭ്യാസ ചെയർമാൻ ഏറ്റുമാനൂർ ഗണേഷ് അടക്കമുള്ള നേതാക്കൾ സ്ഥലത്തെത്തിയിരുന്നു.