കോട്ടയം: കേരളത്തിൽ ഇത്തവണ വിനോദമില്ല. നഷ്ടപ്പെട്ട ജീവിതം എങ്ങനെയും തിരിച്ച് പിടിക്കണമെന്ന ചിന്തയേയുള്ളൂ. എന്നാൽ അത് അത്രത്തോളം എളുപ്പമല്ല. മഴയും ഉരുൾപ്പൊട്ടലും കാരണം കാർഷിക, വ്യാവസായിക, വിനോദ രംഗങ്ങളെല്ലാം തകർന്നടിഞ്ഞ അവസ്ഥയാണ്.
പ്രളയത്തോടെ ടൂറിസം മേഖല തകർന്ന് തരിപ്പണമായി. മാസങ്ങൾക്ക് മുമ്പ് ബുക്കുചെയ്ത ടൂറുകൾ കൂട്ടത്തോടെ റദ്ദാക്കി. വിദേശ സഞ്ചാരികൾ മാസങ്ങൾക്കുമുമ്പ് ബുക്കുചെയ്തിരുന്ന നിരവധി യാത്രകളാണ് ഇപ്പോൾ ഒറ്റയടിക്ക് റദ്ദാക്കിയത്. വടക്കേ ഇന്ത്യാക്കാരായ സഞ്ചാരികളും കൂട്ടത്തോടെ യാത്ര അവസാനിപ്പിച്ചു. ഇതോടെ കേരളത്തിലെ ടൂറിസം മേഖല കനത്ത മൗനത്തിലാണ്. എങ്കിലും ടൂറിസ്റ്റുകൾ എത്തുമെന്നുതന്നെയാണ് വിനോദ സഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രത്യാശ.
കഴിഞ്ഞ പ്രളയം ടൂറിസ്റ്റ് മേഖലയെ ആപ്പാടെ തകർത്തിരുന്നു. ആ സീസണിലെ നഷ്ടം ഇത്തവണ നികത്താമെന്ന് കരുതിയിരുന്ന ഹോട്ടലുകാരെയും ഹൗസ് ബോട്ടുകാരെയും രണ്ടാം പ്രളയം സത്യത്തിൽ തകർത്തുകളഞ്ഞു. കഴിഞ്ഞ പ്രളയത്തിനുശേഷം 20 ശതമാനം വളർച്ച ടൂറിസം മേഖല കൈവരിച്ചിരുന്നു.
എന്നാൽ, ഇന്ത്യയിൽ നിപ പകർന്നതായുള്ള കിംവദന്തി വിനോദ സഞ്ചാര മേഖലയ്ക്ക് വീണ്ടും തിരിച്ചടിയായി. ശ്രീലങ്ക, സിംഗപ്പൂർ എന്നിവിടങ്ങളിലെ ടൂറിസ്റ്റുകളും ഹോട്ടലുകാരുമാണ് ലോകമെമ്പാടും ഈ കിംവദന്തി പ്രചരിപ്പിച്ചത്. ഇതോടെ ഇന്ത്യയിലേയ്ക്കുള്ള വിനോദസഞ്ചാരികൾ ശ്രീലങ്കയിലേയ്ക്കും സിംഗപ്പൂരിലേയ്ക്കും പോയി. അപവാദം മറികടക്കാൻ സംസ്ഥാന സർക്കാർ ആവോളം ശ്രമിച്ചെങ്കിലും ഒരു പരിധിവരെ പരാജയപ്പെടുകയായിരുന്നു.
കുമരകം, ആലപ്പുഴ, മൂന്നാർ, കൊല്ലം,വയനാട്, എറണാകുളം, പത്തനംതിട്ട തുടങ്ങിയ പ്രദേശങ്ങൾ വിജനമാണ്. ടൂറിസ്റ്റുകൾ കൂട്ടമായി എത്തിയിരുന്നത് ഈ സീസണിലാണ്. കഴിഞ്ഞ വർഷം നെഹ്റു ട്രോഫി വള്ളംകളി മാറ്റിവച്ചത് ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായി. ഇത്തവണയും അതുതന്നെ സംഭവിച്ചു.
കേരളത്തിലെ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമാണ് വിനോദസഞ്ചാരികളെ പിന്നോട്ടടിക്കുന്നത്. ഇങ്ങോട്ട് വന്നാൽ ജീവഹാനി സംഭവിക്കുമോ എന്ന ഭയപ്പാടിലാണ് അവർ. ഇതിനെ അതിജീവിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന ടൂറിസം വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
മൂന്നാർ, വയനാട്, ആലപ്പുഴ, കുമരകം മേഖലയിലുള്ള സഞ്ചാരികൾ കൂട്ടത്തോടെയാണ് ബുക്ക് ചെയ്യുന്നത്. വിദേശത്ത് ഈ പാക്കേജിന് വൻ തിരക്കാണ്. അൻപതും നൂറും പേരടങ്ങുന്ന സംഘമായിട്ടാണ് ഇവർ എത്തുന്നത്. ഇതനുസരിച്ച് ഈ സ്ഥലങ്ങളിലെ ഹോട്ടലുകളും മറ്റും കൂട്ടത്തോടെയാണ് ബുക്ക് ചെയ്യുന്നത്. ഇത് റദ്ദായതോടെ വൻ നഷ്ടമാണ് ടൂറിസം മേഖലയ്ക്ക് ഉണ്ടായിട്ടുള്ളത്. കെ.ടി.ഡി.സിക്കും പ്രളയം വൻ തിരിച്ചടിയായിട്ടുണ്ട്. ഇത് കൂടാതെ വിദേശികളെ കാത്തിരുന്ന ഹോം സ്റ്റേക്കാരും അങ്കലാപ്പിലാണ്.
ഹൗസ് ബോട്ടുകൾക്ക് കിട്ടിയത് കട്ടപ്പണി
കുമരകം മേഖലയിൽ ഹൗസ് ബോട്ടുകൾക്ക് വൻ നഷ്ടമാണ് സംഭവിക്കുന്നതെന്ന് ബോട്ടുടമകൾ പറയുന്നു. നൂറിലധികം ഹൗസ് ബോട്ടുകളാണ് കുമരകത്ത് മാത്രമുള്ളത്. കൂടാതെ ഇത്രയും തന്നെ ഹൗസ് ബോട്ടുകൾ ആലപ്പുഴയിലുമുണ്ട്. നേരത്തെ ബുക്ക് ചെയ്തിരുന്ന ഹൗസ് ബോട്ടുകൾ ഇത്തവണ നീങ്ങണ്ടിവരില്ലെന്നാണ് ഇവർ സങ്കടത്തോടെ പറയുന്നത്. ഹൗസ് ബോട്ടുകാരുടെ ചാകര കാലമാണ് ഇപ്പോൾ. ഓണത്തോടനുബന്ധിച്ചാണ് കൂടുതൽ ടൂറിസ്റ്റുകൾ കേരളത്തിലെത്തുക. ഒരാഴ്ചയായി ഹൗസ് ബോട്ടുകൾ ജെട്ടികളിൽ നിന്ന് ചലിച്ചിട്ടേയില്ല.
വടക്കേന്ത്യയിൽ നിന്ന് ട്രെയിൻ മാർഗമാണ് കൂടുതലും സഞ്ചാരികൾ എത്തിയിരുന്നത്. രാജ്യത്ത് പലയിടങ്ങളും ട്രെയിൻ ഗതാഗതം മുടങ്ങിയതും ടൂറിസം മേഖലക്ക് തിരിച്ചടിയായി. കൂടാതെ നെടുമ്പാശേരി വിമാനത്താവളം വെള്ളകെട്ടിനെതുടർന്ന് അടച്ചിട്ടതും വിനയായിട്ടുണ്ട്.
പ്രധാന ടൂറിസ്റ്റ് മേഖലയായ തേക്കടി, മൂന്നാർ, കുമരകം, കുട്ടനാട്, ആലപ്പുഴ എന്നിവിടങ്ങളിലെ കച്ചവടക്കാർക്കും തിരിച്ചടിയായിട്ടുണ്ട്. കൂടാതെ വിവിധ കേന്ദ്രങ്ങളിലെ ടൂറിസ്റ്റ് ബസ്,ടാക്സി ഉടമകൾക്കും പ്രളയം നൽകിയത് വൻ തിരിച്ചടിയാണ്.