kevin-murder

കോട്ടയം: കെവിൻ വധക്കേസ് ദുരഭിമാന കൊലപാതകമാണോ എന്ന് ഉറപ്പാക്കുന്നതിനുള്ള അന്തിമ വാദം പൂർത്തിയാക്കിയ കോടതി, വിധി പറയുന്നത് 22 ലേക്ക് മാറ്റി. ഇന്നലെ വിധി പറയുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

ദുരഭിമാന കൊലപാതകമായി കണക്കാക്കാമോ എന്നതിൽ ഇരുകൂട്ടരുടെയും വാദം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി സി. ജയചന്ദ്രൻ ഇന്നലെ കേട്ടു.

കെവിൻ താഴ്‌ന്ന ജാതിയിൽപ്പെട്ട ആളായതിനാലാണ് നീനുവിനെ വിവാഹം ചെയ്‌തു നൽകാതിരുന്നതെന്ന് നീനുവിന്റെ പിതാവ് ചാക്കോ പൊലീസ് സ്റ്റേഷനിൽ സമ്മതിച്ചതാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കെവിനെ തട്ടിക്കൊണ്ടു പോയപ്പോൾ വാഹനത്തിൽ വച്ച് പ്രതികളിൽ ഒരാൾ കെവിന്റെ ജാതിപ്പേര് വിളിച്ച് അപമാനിച്ചിരുന്നു. കെവിൻ പിന്നാക്ക വിഭാഗക്കാരനാണ്. മുഖ്യസാക്ഷി ലിജോയോട് ഒന്നാം പ്രതി സാനു ചാക്കോ നടത്തിയ ഫോൺ സംഭാഷണം ഇത് ദുരഭിമാനക്കൊലയാണെന്നതിന് തെളിവാണ്. ഈ സാഹചര്യത്തിൽ കേസ് അപൂർവങ്ങളിൽ അപൂർവമായി പരിഗണിക്കാമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

എന്നാൽ കെവിനും നീനുവും ക്രിസ്‌ത്യൻ വിഭാഗക്കാരാണെന്നും ക്രിസ്‌ത്യാനികൾക്കിടയിൽ ജാതി വേർതിരിവുകൾ ഇല്ലെന്നും പ്രതിഭാഗം വാദിച്ചു. നീനുവിനെ കൂട്ടിക്കൊണ്ടുപോകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയ ചാക്കോ ഒരു മാസത്തിനകം കല്യാണം നടത്താം എന്ന് അറിയിച്ചിരുന്നു. ഇത് സാക്ഷി വിസ്‌താരത്തിനിടെ നീനു കോടതിയിൽ സമ്മതിച്ചതുമാണ്. അന്വേഷണ ഉദ്യോഗസ്ഥനും വിചാരണ വേളയിൽ ഇത് അംഗീകരിച്ചിരുന്നു. അതിനാൽ ദുരഭിമാനക്കൊല അല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

എന്നാൽ വിവാഹം നടത്താമെന്ന് ചാക്കോ പറഞ്ഞത് നീനുവിനെ വീട്ടിലേക്ക് കൊണ്ടുപോകാൻ വേണ്ടി മാത്രമായിരുന്നെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

നീനുവിന്റെ അച്ഛൻ ചാക്കോ ജോൺ, സഹോദരൻ സാനു ചാക്കോ എന്നിവരുൾപ്പെടെ 14 പ്രതികളാണുള്ളത്. ഇക്കൊല്ലം ഏപ്രിൽ 24 ന് തുടങ്ങിയ വിചാരണ മൂന്ന് മാസം കൊണ്ടാണ് പൂർത്തിയാക്കിയത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി.എസ്. അജയൻ ഹാജരായി.