കോട്ടയം: ഏഴരമണിക്കൂർ തുടർച്ചയായി മഴപെയ്തപ്പോൾ ജില്ലയിലെ മഴക്ഷാമം പൂർണമായും പരിഹരിക്കപ്പെട്ടു. പക്ഷേ, കിഴക്കൻ മേഖല വീണ്ടും വെള്ളത്തിലായി. താഴ്ന്നു തുടങ്ങിയ പടിഞ്ഞാറൻ മേഖലയിലെ വെള്ളം ഇന്നലെ രാത്രി മുതൽ വീണ്ടും ഉയർന്നു. മഴ തുടർന്നാൽ ഉരുൾപൊട്ടുമോയെന്ന ആശങ്കയിലാണ് മലയോരം.

ചൊവ്വാഴ്ച രാത്രി 9.30 മുതൽ ഇന്നലെ പുലർച്ചേവരെ ജില്ലയിൽ തോരാതെ മഴപെയ്തു. ഇക്കുറി ആദ്യമായാണ് ജില്ലയിൽ തുടർച്ചയായി ഇത്രയുംസമയം പെയ്തത്. ഈ വർഷത്തെ റെക്കോഡ് മഴ കൂടിയാണിത്. 106 മില്ലീമീറ്റർ മഴ പെയ്തെന്ന് പുതുപ്പള്ളി റബർ ഗവേഷണ കേന്ദ്രത്തിലെ കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ കണക്ക്. ജൂലായ് 20നു പെയ്ത 100 മില്ലീമീറ്ററായിരുന്നു ഈ വർഷത്തെ നിലവിലെ റെക്കോഡ്.

റെക്കാഡ് മഴ 35 വർഷം മുൻപ്


ജില്ലയിലെ ആഗസ്റ്റ് മാസത്തിലെ റെക്കോഡ് മഴയായി രേഖപ്പെടുത്തിയിരിക്കുന്നത് 1994 ആഗസ്റ്റ് രണ്ടിലെ 202.4 മില്ലീമീറ്ററാണ്. മഹാ പ്രളയമുണ്ടായ കഴിഞ്ഞ വർഷം ആഗസ്റ്റിലെ റെക്കോഡ് മഴ 16ന് പെയ്ത 92.6 മില്ലീമീറ്ററായിരുന്നു. നിലവിൽ പെയ്യുന്ന മഴ രണ്ടു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം. മറ്റൊരു ന്യൂനമർദം കൂടിയെത്തുന്നുണ്ടെങ്കിലും തീവ്രത എത്ര മാത്രമാണെന്ന് പ്രവചിക്കാൻ കഴിയില്ലെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായതോടെ മഴക്കുറവും പരിഹരിക്കപ്പെട്ടു. ആഗസ്റ്റ് ആദ്യ വാരം ശരാശരിയേക്കാൾ 25 ശതമാനം കുറഞ്ഞു നിന്ന മഴ ഇപ്പോൾ അഞ്ചു ശതമാനം വർദ്ധിച്ചു.

*ആശങ്ക മാറാതെ മലയോരം

കനത്തമഴയിൽ പാലാ ഉൾപ്പെടെയുള്ള നഗരം വെള്ളത്തിലായി. ഗതാഗതവും തടസപ്പെട്ടു. ഉച്ചയോടെയാണ് വെള്ളം ഇറങ്ങിയത്. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന പൂഞ്ഞാർ തെക്കേക്കര,​ തീക്കോയി,​ കൂട്ടിക്കൽ പ്രദേശങ്ങളിലുള്ളവരെ ക്യാമ്പിലേയ്ക് മാറ്റാനുള്ള ശ്രമം തുടരുകയാണ്. വെള്ളമിറങ്ങിയതിനെ തുടർന്ന് ശുചീകരണം നടത്തി താമസം ആരംഭിക്കാൻ തീരുമാനിച്ച ഇറഞ്ഞാൽ,​ കുമ്മനം ഭാഗങ്ങളിലെ വീടുകളിലേയ്ക്ക് വീണ്ടും വെള്ളംകയറി. ഇല്ലിക്കൽ,​ ചെങ്ങളം,​ തിരുവാർപ്പ്,​ മലരിക്കൽ,​ വെച്ചൂർ ഭാഗങ്ങളിലേയും ജലനിരപ്പ് ഉയർന്നു. മീനച്ചിലാർ,​ മണിമലയാർ,​ മൂവാറ്റുപുഴയാർ എന്നിവിടങ്ങളിലും ജലനിരപ്പ് വീണ്ടും ഉയർന്നു.