കോട്ടയം: ഇടുക്കിയിൽ നിന്നും ദുരിതാശ്വാസ സഹായം അടങ്ങിയ സാധനങ്ങളുമായി എത്തിയ ലോറി നിയന്ത്രണം വിട്ട് മുന്നോട്ടുരുണ്ട് ആറു വാഹനങ്ങളിൽ ഇടിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് ഒരുമണിയോടെ ലോഗോസ് ജംഗ്ഷനിലായിരുന്നു അപകടം. പരിക്കേറ്റ ലോറി ഡ്രൈവർ തൃശൂർ സ്വദേശി സോമൻ ജോസ് (40) , ഓട്ടോഡ്രൈവർ പാറമ്പുഴ സ്വദേശി രാജേഷ് (44) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് പരേഡ് മൈതാനത്തിലേയ്‌ക്കുള്ള വഴിയിൽ പാർക്ക് ചെയ്‌തിരുന്ന ലോറി വിശ്രമത്തിന് ശേഷം ഡ്രൈവർ സോമൻ സ്റ്റാർട്ട് ചെയ്‌തപ്പോൾ നിയന്ത്രണം നഷ്‌ടമായി മുന്നോട്ട് ഉരുളുകയായിരുന്നു. റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്നും എത്തിയ എത്തിയോസ് കാറിലാണ് ആദ്യം ഇടിച്ചത്. തുടർന്ന് മാരുതി ഓൾട്ടോ കാറിലും, സൈലോയിലും ഓട്ടോറിക്ഷയിലും രണ്ടു ബൈക്കുകളിലും ഇടിച്ചു. ലോറിയിടിച്ച് നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ മറ്റൊരു ഓട്ടോറിക്ഷയിലിടിച്ച് മറിഞ്ഞു. ബൈക്ക് യാത്രികർക്കും പരിക്കേറ്റിട്ടുണ്ട്. ജംഗ്ഷനിലെ ട്രാഫിക് ഐലൻഡിലിടിച്ചാണ് ലോറി നിന്നത്. ട്രാഫിക് ഐലൻഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാട്ടുകാർ ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചത്. റോഡിൽ ചിതറിക്കിടന്ന ഓയിലും ഗ്ലാസും അഗ്നിരക്ഷാ സേന അധികൃതർ എത്തി വൃത്തിയാക്കി.
ലോഗോസ് ജംഗ്ഷനിൽ സമാനരീതിയിൽ അപകടമുണ്ടാകുന്നത് മൂന്നാം തവണ
മൂന്നാം തവണയാണ് ലോഗോസ് ജംഗ്ഷനിൽ വാഹനങ്ങൾ സമാന രീതിയിൽ കൂട്ടിയിടിക്കുന്നത്. 2014 ൽ നിയന്ത്രണം വിട്ട ലോറി ആറു വാഹനങ്ങളിൽ ഇടിച്ചിരുന്നു. മൂന്നു വർഷം മുൻപ് നിയന്ത്രണം വിട്ട സ്വകാര്യ ബസ് സമാന രീതിയിൽ എട്ടു വാഹനങ്ങളിൽ ഇടിച്ചും അപകടമുണ്ടായിരുന്നു.