പാലാ : ഒറ്റ വെളളപ്പൊക്കത്തിൽ രണ്ട് ദിവസം റോഡ് ഗതാഗതം പൂർണമായും നിലയ്ക്കുന്ന പാലാ നഗരം, ഇതിനൊരു പരിഹാരം വേണ്ടേ? അധികൃതർ ഇതേപ്പറ്റി ഇതുവരെ ചിന്തിച്ചിട്ടേയില്ല. വെള്ളം പൊങ്ങിയാൽ പാലാ വഴി കോട്ടയം, പൂഞ്ഞാർ, പൊൻകുന്നം, എറണാകുളം, തൃശൂർ, വൈക്കം ഭാഗങ്ങളിലേയ്ക്കുള്ള വാഹന ഗതാഗതമാണ് പൂർണമായും നിലയ്ക്കുന്നത്. ഇന്നലെയും ഇത് ആവർത്തിച്ചു. പാലാ ബ്രില്യന്റ് എൻട്രൻസ് പരിശീലന കേന്ദ്രം, സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട്, വിവിധ എൻജിനിയറിംഗ് , നഴ്‌സിംഗ് കോളേജുകൾ എന്നിവിടങ്ങളിലായി അര ലക്ഷത്തോളം വിദ്യാർത്ഥികളാണ് പുറം നാടുകളിൽ നിന്നായി പാലായിലെത്തി പഠിക്കുന്നത്. വെള്ളപ്പൊക്കം വന്നാൽ പുറം ലോകത്തേയ്ക്ക് കടക്കാൻ വഴിയില്ലാതെ വിദ്യാർത്ഥികൾ വലയും. പിന്നെ മാതാപിതാക്കളുടേയും അദ്ധ്യാപകരുടേയും മനസിൽ തീമഴയാണ്. കഷ്ടിച്ച് പുറത്തേക്കു കടക്കാനുള്ള വഴി പാലാ സമാന്തര റോഡും നെല്ലിയാനി ബൈപ്പാസുമാണ്. ഒരടി കൂടി വെള്ളമുയർന്നാൽ ഇതും അടയും. പ്രളയ സമയത്ത് ഏതുവഴി കടന്നു പോകാം എന്നതു സംബന്ധിച്ച് അധികൃതർ അറിയിപ്പു നൽകുന്നുമില്ല. ഇതോടെ ആയിരങ്ങൾ പാലായിൽ ' പ്രളയ ബന്ധികളായി ' മാറുകയാണ്. വെള്ളപ്പൊക്കം ഉണ്ടാകുന്നതോടെ വൈദ്യുതി നിലയ്ക്കും, ശുദ്ധജലം മുടങ്ങും, ഭക്ഷണശാലകൾ അടയ്ക്കും. ചുരുക്കത്തിൽ ജനജീവിതം ആകെ ദുരിത പൂർണമാകും.

വെള്ളക്കെട്ടുകൾ ഇവിടങ്ങളിൽ മാത്രം
എം.സി റോഡിലെ കുറവിലങ്ങാട്ടു നിന്ന് പാലായ്ക്കുള്ള വഴിയിൽ വള്ളിച്ചിറ മണലേൽ പാലത്തിലാണ് സാധാരണയായി വെള്ളം കയറുക. ഇവിടെ 25 മീറ്റർ ഭാഗം ഒരടി ഉയർത്തിയാൽ ഗതാഗത തടസം ഒഴിവാക്കി പാലാ ടൗൺ വരെ യാത്ര ചെയ്യാം. എറണാകുളം, വൈക്കം, ചേർത്തല യാത്രക്കാർക്കും, വാഹനങ്ങൾക്കും കടന്നുപോകാം. രാമപുരം - കൂത്താട്ടുകുളം റോഡിൽ മാർക്കറ്റ് കോംപ്ലക്‌സിനു മുന്നിലും മുണ്ടുപാലത്തും മാത്രമാണ് റോഡിൽ വെള്ളം കയറുന്നത്.പാലാ ഉഴവൂർ റോഡിലും മുണ്ടുപാലത്തു മാത്രമേ വെള്ളം കയറുകയുള്ളൂ. ഇവിടെയും റോഡ് ഉയർത്താൻ സൗകര്യങ്ങളുണ്ട്. പാലാ - തൊടുപുഴ റോഡിൽ പാലാ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിലേ വെള്ളക്കെട്ടുണ്ടാവുകയുള്ളൂ. പാലാ - ഈരാറ്റുപേട്ട റൂട്ടിൽ മൂന്നാനിയിലും ഇടപ്പാടിയിലും റോഡിൽ വെള്ളം കയറും. ഇവിടങ്ങളിലെല്ലാം ഘട്ടംഘട്ടമായി റോഡ് ഉയർത്താവുന്നതേയുള്ളൂ. പല ഭാഗത്തും അര മീറ്റർ ഉയർത്തിയാൽ ഗതാഗത തടസം പൂർണമായും ഒഴിവാക്കാനാവും. പാലാ - പൊൻകുന്നം റൂട്ടിൽ മുരിക്കുംപുഴയിലാണ് പ്രധാന വെള്ളക്കെട്ട്.

റോഡ് ഉയർത്തിയാൽ തീരാവുന്ന പ്രശ്‌നം
ജനപ്രതിനിധികൾ ഉണർന്നാൽ ദിവസങ്ങൾക്കുള്ളിൽ വെള്ളപ്പൊക്കം മൂലം പാലാക്കാർക്കുണ്ടാകുന്ന ദുരിതം തീർക്കാവുന്നതേയുള്ളൂവെന്ന് റോഡ് മാനേജ്‌മെന്റ് വിദഗ്ദ്ധൻ ജെയിംസ് വടക്കൻ പറഞ്ഞു. ചില ഭാഗങ്ങൾ ഉയർത്തിയാൽ വെള്ളപ്പൊക്കം പാലായെ കാര്യമായി ബാധിക്കില്ല. പൊൻകുന്നം - തൊടുപുഴ റോഡ് ഒരു കിലോമീറ്ററിന് 5 കോടി രൂപക്ക് മേൽ ചെലവഴിച്ചാണ് പണിതത്. ഇതിന്റെ പകുതി തുക ഉണ്ടെങ്കിൽ വെള്ളപ്പൊക്കം ബാധിക്കുന്ന മുഴുവൻ റോഡുകളും ഘട്ടംഘട്ടമായി ഉയർത്താം. ഇതിനായി ജനപ്രതിനിധികൾ ഉണരണം.


ഒരു റോഡെങ്കിലും തുറന്നെങ്കിൽ
പൈപ്പുലൈൻ സ്ഥാപിക്കാൻ നെല്ലിയാനി ബൈപ്പാസും നെല്ലിയാനി മുതൽ കൊട്ടാരമറ്റം വരെയുമുള്ള ഭാഗവും വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. ടാർ ചെയ്യാത്തതിനാൽ ഇരുനിര വാഹന ഗതാഗതത്തിനു തടസമാകുന്നതായി ബസ് പാസഞ്ചേഴ്‌സ് അസോസിയേഷൻ ചെയർമാൻ ജയ്‌സൺ മാന്തോട്ടം ചൂണ്ടിക്കാട്ടി.