കിടങ്ങൂർ : പി.കെ.വാസുദേവൻ നായർ മെമ്മോറിയൽ വനിതാ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പോത്തൻചാക്കോ കണ്ടാരപ്പള്ളിൽ സ്മാരക വായന മത്സരത്തിൽ എസ്.ദേവനന്ദയ്ക്ക് വായന പ്രതിഭാ പുരസ്‌കാരം. കിടങ്ങൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിനിയായ ദേവനന്ദ കിടങ്ങൂർ സൗത്ത് സജിത് ഭവനിൽ സി.സജിത്തിന്റേയും, പ്രീത ആർ.നായരുടേയും മകളാണ്. 18 ന് ലൈബ്രറിയിൽ ചേരുന്ന സമ്മേളനത്തിൽ തോമസ് ചാഴികാടൻ എം.പി പുരസ്‌കാരം സമ്മാനിക്കും. വായനമത്സരത്തിൽ മികവ് കാട്ടിയ 16 വിദ്യാർത്ഥികൾക്കും പ്രശംസാപത്രം നൽകും. മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സുരേഷ് കുറുപ്പ് എം.എൽ.എ മുഖ്യ പ്രഭാഷണവും, ലൈബ്രറി രക്ഷാധികാരി കിടങ്ങൂർ എൻ.എസ്.ഗോപാലകൃഷ്ണൻ നായർ ആമുഖപ്രസംഗവും നടത്തും.