കോട്ടയം: ശക്തമായ മഴയും മണ്ണിടിച്ചിൽ ഭീതിയുമൊക്കെയായി അന്തരീക്ഷം കലുഷിതമായ കിഴക്കൻ മലയോരത്ത് ജനപ്രതിനിധികളുടെ ശബ്ദസന്ദേശ വിവാദം കൊടുമ്പിരികൊള്ളുന്നു.
നാട്ടുകാരോടുള്ള സ്നേഹവാത്സല്യത്താൽ പൂഞ്ഞാർ എം.എൽ.എ പി.സി. ജോർജ് കഴിഞ്ഞദിവസം വാട്സ് ആപ്പ് വഴി പുറത്തുവിട്ട ശബ്ദസന്ദേശത്തിന് തീവ്രത കൂടിപ്പോയെന്ന ആക്ഷേപവുമായി ജില്ല പഞ്ചായത്ത് അംഗം കെ. രാജേഷ് കൗണ്ടർസന്ദേശവുമായി രംഗത്ത് എത്തിയതോടെയാണ് വിവാദത്തിന് തിരികൊളുത്തിയത്. ഉത്തരവാദപ്പെട്ട 'ചിലർ' ആളുകളെ വല്ലാതെ പരിഭ്രാന്തരാക്കുകയാണെന്നും അത്രമേൽ പ്രശ്നങ്ങളൊന്നുമില്ലെന്നുമാണ് ജില്ല പഞ്ചായത്ത് അംഗം പുറത്തുവിട്ട ശബ്ദസന്ദേശത്തിന്റെ ഉള്ളടക്കം. അനുയായികൾ അവരവരുടെ നേതാക്കളെ പിന്തുണച്ചതോടെ ശബ്ദസന്ദേശം മലമടക്കുകളിൽ പ്രകമ്പനംകൊണ്ടു. അതിനിടെ ഉരുൾപൊട്ടൽ ഭീഷണി വെറും ഉമ്മാക്കിയാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
കൂട്ടിക്കൽ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി പഞ്ചായത്തുകളിൽ ആകെ പ്രശ്നമാണെന്നായിരുന്നു എം.എൽ.എ സ്വന്തം ശബ്ദത്തിൽ പുറത്തുവിട്ട താഴ്മയോടെയുള്ള അഭ്യർത്ഥനയിൽ സൂചിപ്പിച്ചത്. അതേസമയം ഈ മൂന്നുപഞ്ചായത്തുകളിലും ആകമാനം പ്രശ്നങ്ങളില്ലെന്നും എന്നാൽ ചില പ്രദേശങ്ങളിൽ ദുരന്തസാദ്ധ്യതയുണ്ടെന്നും ജില്ല പഞ്ചായത്ത് അംഗം ആവർത്തിക്കുകയും ചെയ്തതോടെ ജനങ്ങൾ ആശങ്കയിലായി. ജനപ്രതിനിധികളുടെ ശബ്ദഘോഷത്തിനിടെ പ്രശ്നബാധിത പ്രദേശങ്ങളായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിൽ നിന്ന് സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന് അധികൃതരും അടിയന്തിര നടപടി സ്വീകരിച്ചു. വിവാദത്തിനപ്പുറം ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ മലയോര മേഖലയിലെ ഏത് ഭീതിയും നിസാരവത്കരിക്കാനാവില്ലെന്നാണ് അധികൃതരുടെ നിലപാട്. മൂന്ന് പഞ്ചായത്തുകളിലേയും പ്രശ്നബാധിത മേഖലയിൽ താമസിക്കുന്നവരെ അടുത്ത രണ്ടുദിവസം കൂടി സുരക്ഷിതസ്ഥാനങ്ങളിൽ താമസിപ്പിക്കാനുള്ള നടപടികളുമായി അധികൃതർ മുന്നോട്ടുപോവുകയാണ്.
അതേസമയം, കിഴക്കൻ മലയോര മേഖലയുടെ രാഷ്ട്രീയ പരിതസ്ഥിതിയിൽ സമീപകാലത്തുണ്ടായ മാറ്റമാണ് രണ്ട് ശബ്ദസന്ദേശങ്ങൾ അന്തരീക്ഷത്തിൽ അലയടിക്കാൻ കാരണമെന്നും കാര്യമാക്കേണ്ടെന്നുമാണ് ജനങ്ങളുടെ അഭിപ്രായം. 'ജനങ്ങളോട് യാതൊരു ഉത്തരവാദിത്വവുമില്ലാത്ത ജനപ്രതിനിധികൾ പ്രകൃതി ദുരന്തങ്ങൾപോലും വ്യക്തിപരമായ മൈലേജിന് ഉപയോഗിക്കുകയാണെന്ന' ജില്ല പഞ്ചായത്ത് അംഗത്തിന്റെ പരമാർശത്തിൽ ആ സൂചന ഒളിഞ്ഞിരിപ്പുണ്ട്. രാത്രിയിലെ അരണ്ടവെളിച്ചത്തിൽ എന്തൊ അവ്യക്തമായ രൂപം കണ്ട് ഭയന്നുനിന്ന കുട്ടിയെ
'പേടിക്കേണ്ട മോനെ പിശാചാ'ണെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചതിനപ്പുറം രണ്ടുസന്ദേശത്തിലും കാര്യമായ വ്യത്യാസമൊന്നുമില്ലെന്നാണ് നാട്ടുകാർ പറയുന്നത്.