ചങ്ങനാശേരി : കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ഓരോ മുഖങ്ങളിലും ആശങ്ക നിഴലിക്കുന്നു. ചങ്ങനാശേരി താലൂക്കിൽ 27 ക്യാമ്പുകളിലായി 903 കുടുംബങ്ങളിൽ നിന്ന് 3459 പേരാണ് കഴിയുന്നത്. കൈക്കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ ഓരോ ക്യാമ്പിലും കഴിയുന്നുണ്ട്. പാകം ചെയ്യുന്നതിനുള്ള ഭക്ഷ്യവസ്തുക്കൾ വില്ലേജ് ഓഫീസിൽ നിന്ന് ആവശ്യാനുസരണം എത്തിക്കുന്നു. വളർത്തുമൃഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ഓരോ ക്യാമ്പിലും പൊലീസുകാരും ഡ്യൂട്ടിയിലുണ്ട്. ക്യാമ്പുകൾക്ക് സമീപം രാത്രികാല പട്രോളിംഗുമുണ്ട്. എല്ലാ ദിവസവും രാവിലെയും വൈകുന്നേരങ്ങളിലും ക്യാമ്പുകളിൽ മെഡിക്കൽ സേവനം ലഭ്യമാകുന്നുണ്ട്. എന്നു വീടുകളിലേയ്ക്ക് മടങ്ങാൻ കഴിയുമെന്നാണ് ക്യാമ്പിൽ കഴിയുന്നവർക്ക് ചോദിക്കാനുള്ളത്. മുൻവർഷത്തെ പ്രളയദുരന്തത്തിൽ നിന്നു കരകയറുന്നതിനുമുൻപേ മറ്റൊരു പ്രളയത്തെ എങ്ങനെ മറികടക്കുമെന്ന ആശങ്കയാണ് ഓരോ ക്യാമ്പിൽ കഴിയുന്നവരിലും.
ക്യാമ്പുകൾ ആഘോഷമാക്കി കുരുന്നുകൾ
ക്യാമ്പിലെ ജീവിതം ആഘോഷമാക്കുകയാണ് കുരുന്നുകൾ. സ്‌കൂളുകളിൽ ക്യാമ്പ് പ്രവർത്തിക്കുന്നതിനാലും മഴപ്രമാണിച്ച് സ്‌കൂളിനു അവധി പ്രഖ്യാപിച്ചതിനാലും കുട്ടികൾ അതിന്റെ സന്തോഷത്തിലാണ്. മുൻസിപ്പൽ ടൗൺഹാളിലെ വിശാലമായ അങ്കണത്തിൽ കുരുന്നുകൾ വിവിധതരത്തിലുള്ള കളികളിൽ മുഴുകിയിരിക്കുകയാണ് ഇവർ. പുതിയ കൂട്ടുകാരെ ലഭിച്ച സന്തോഷത്തിലും കൂടിയാണിവർ.