കോട്ടയം: പാലാ - ഈരാറ്റുപേട്ട റോഡിൽ മൂന്നാനി,പനയ്ക്കപ്പാലം, അമ്പാറ എന്നിവിടങ്ങളിലും വാഴൂർ - പുലിയന്നൂർ റോഡിൽ മുത്തോലി കടവിനു സമീപവും വെള്ളം കയറി ഗതാഗതം മുടങ്ങി. കോട്ടയം - കുമരകം, ചങ്ങനാശേരി - ആലപ്പുഴ പാതകളിലും ഗതാഗതം തടസപ്പെട്ടു. അറുപുഴ -പാറേച്ചാൽ, ഇറഞ്ഞാൽ - തിരുവഞ്ചൂർ, ആയാംകുടി - മാന്നാർ, കടുത്തുരുത്തി - ആപ്പുഴ, ചേർപ്പുങ്കൽ - മരങ്ങാട്ടു പിള്ളി, വടയാർ - എഴുമാംതുരുത്ത്, കല്ലറ -ഇടയാഴം, അച്ഛൻ റോഡ്, കോട്ടയം - പരിപ്പ് റോഡിലും ഗതാഗതം തടസപ്പെട്ടു. പാലാ മേഖലയിലെ റോഡുകളിൽ ഉച്ചകഴിഞ്ഞു ഗതാഗതം പുനസ്ഥാപിച്ചു. മീനച്ചിലാർ കരകവിഞ്ഞതോടെ അടച്ച ദുരിതാശ്വാസ ക്യാമ്പുകൾ വീണ്ടും തുറന്നു. മീനച്ചിൽ താലൂക്കിൽ ഏഴാച്ചേരി, മുത്തോലി എന്നിവിടങ്ങളിൽ ഉൾപ്പെടെയാണ് വീണ്ടും ക്യാമ്പുകൾ തുറന്നത്. ഇവയുൾപ്പെടെ നിലവിൽ ജില്ലയിൽ 173 ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ ക്യാമ്പുകളിലായി 22136 കഴിയുന്നുണ്ട്. പടിഞ്ഞാറൻ മേഖലയിൽ വെള്ളം ഉയരുന്ന സാഹചര്യത്തിൽ ക്യാമ്പുകളുടെ എണ്ണം വീണ്ടും വർധിക്കും.