പാലാ : കനത്തമഴയിൽ മീനച്ചിലാറും ളാലംതോടും കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പാലാ - ഈരാറ്റുപേട്ട ഹൈവേയിൽ മൂന്നാനിയിലും പനയ്ക്കപ്പാലത്തും ഇടപ്പാടിയിലും ഹൈവേയിൽ വെള്ളം കയറി. മൂന്നാനിയിൽ രണ്ടടിയോളം വെള്ളം ഉയർന്നതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിറുത്തിവച്ചു. പന്ത്രണ്ടാംമൈൽ പന്തത്തല മേഖലയിലും, മാർക്കറ്റ് ഭാഗങ്ങളിലെ വീടുകളിലും ളാലം ക്ഷേത്രത്തിന് സമീപത്തുള്ള വീടുകളിലും വെള്ളം കയറി. കൊട്ടാരമറ്റം ബസ് ടെർമിനലിലും ജലനിരപ്പ് ഉയർന്നു. ഈ ഭാഗത്ത് ഹൈവേയിലേക്ക് വെള്ളം കയറിയെങ്കിലും ഗതാഗതത്തെ ബാധിച്ചില്ല. പുലിയന്നൂർ പാടശേഖരത്തിലും ഈ ഭാഗത്തെ ഏക്കറുകണക്കിന് കൃഷിയിടങ്ങളിലും വെള്ളം കയറിയ നിലയിലാണ്. പുലർച്ചെ നഗരത്തിലെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറിയെന്ന് അറിയിപ്പ് ലഭിച്ചതോടെ വ്യാപാരികൾ കച്ചവടസാധനങ്ങൾ ഉയർത്തിവച്ചു. പകുതിയോളം കടകൾ ഇന്നലെ പ്രവർത്തിച്ചില്ല. സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെയും വെള്ളപ്പൊക്ക ഭീഷണി ബാധിച്ചു.
പാലാ നഗരസഭാ ചെയർപേഴ്‌സൺ ബിജി ജോജോ കുടക്കച്ചിറയുടെ നേതൃത്വത്തിൽ റവന്യു, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരടങ്ങുന്ന സംഘം വെള്ളം കയറിയ പ്രദേശങ്ങൾ സന്ദർശിച്ചു. ഉച്ചയോടെ വെള്ളം ഇറങ്ങി തുടങ്ങിയത് ആശ്വാസമായി.

ഭീതിയൊഴിയാതെ ജനം

പാലാ : ഇരുകരയുംമുട്ടി ഒഴുകുന്ന മീനച്ചിലാറിൽ ഏതുസമയത്തും ജലനിരപ്പ് ഉയരുമെന്ന ഭീഷണിയും, മഴ തുടരുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. താഴ്ന്ന സ്ഥലങ്ങളിലുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റി. പുലിയന്നൂർ വില്ലേജിലെ സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്‌കൂൾ, വെളളിലാപ്പള്ളി വില്ലേജിലെ ഏഴാച്ചേരി എൻ.എസ്.എസ് ഗവ.എൽ.പി സ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നത്. 128 പേരാണ് ഇവിടെയുള്ളത്. കിഴക്കൻ മേഖലയിൽ ഉരുൾപൊട്ടൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ നിന്നുള്ള കുടുംബങ്ങളെയും സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റി. പെരിങ്ങളം, തലനാട്, വെള്ളികുളം, തീക്കോയി, മംഗളഗിരി, പൂഞ്ഞാർ തെക്കേക്കര, മലയിഞ്ചിപ്പാറ എന്നിവിടങ്ങളിൽ ആരംഭിച്ച ക്യാമ്പുകളിൽ 704 പേരാണുള്ളത്.