പാലാ : 'സമുദായത്തിന്റെ കരുത്ത് , സഹായത്തിന്റെ മനസ്' എന്ന മുദ്രാവാക്യവുമായി എൻ.എസ്.എസ് മീനച്ചിൽ താലൂക്ക് യൂണിയൻ ആവിഷ്‌ക്കരിച്ച ശ്രീപത്മനാഭം പദ്ധതി ആവേശപൂർവം കരയോഗങ്ങൾ ഏറ്റെടുക്കുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ 6 ലക്ഷത്തിൽപ്പരം രൂപ പദ്ധതിയിലേക്ക് ലഭിച്ചതായി യൂണിയൻ നേതാക്കളായ സി.പി.ചന്ദ്രൻ നായർ, രാമപുരം പി.എസ്. ഷാജികുമാർ, സെക്രട്ടറി ഉഴവൂർ വി.കെ. രഘുനാഥൻ നായർ , പദ്ധതി കൺവീനർ ഉള്ളനാട് അജിത്. സി. നായർ എന്നിവർ അറിയിച്ചു. യൂണിയന് കീഴിലെ കരയോഗങ്ങളിലുള്ള പാവപ്പെട്ട കുടുംബത്തിന് വിവാഹ വിദ്യാഭ്യാസ ചികിത്സാ സഹായമായി അടിയന്തിരമായി വേണ്ട നിശ്ചിത തുക നൽകുന്നതിനാണ് പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. 105 കരയോഗങ്ങളാണ് യൂണിയനു കീഴിലുള്ളത്. 35 കരയോഗങ്ങളിൽ നിന്നാണിപ്പോൾ ധനസഹായമെത്തിയിട്ടുള്ളത്. സെപ്തംബർ 10നുള്ളിൽ മുഴുവൻ കരയോഗങ്ങളിൽ നിന്നുമുള്ള തുകകൾ ലഭിക്കും. പദ്ധതിയിലൂടെ കാൽക്കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു ലക്ഷം മുതലുള്ള തുകകൾ സംഭാവന ചെയ്യുന്ന വ്യക്തികളെയും 2 ലക്ഷത്തിൽ കൂടുതൽ തുക ശേഖരിക്കുന്ന കരയോഗം നേതാക്കളെയും ആദരിക്കും.
പദ്ധതിയിൽ നിന്നുള്ള ആദ്യ ധനസഹായം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന മേവട കുഴിക്കാട്ട് അനീഷ് കുമാറിന് അര ലക്ഷം രൂപ നൽകി. 18 ന് യൂണിയൻ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ വിവിധ കരയോഗങ്ങളിൽ നിന്നു പദ്ധതിയിലേക്കുള്ള സംഭാവന ഏറ്റുവാങ്ങും. സംശയങ്ങൾക്ക് : 944653631.