കോട്ടയം: മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന കിഴക്കൻ മലയോര പഞ്ചായത്തുകളിലെ രാത്രിമഴ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലും ആശങ്കപരത്തുന്നു.

കൂട്ടിക്കൽ, പൂഞ്ഞാർ തേക്കേക്കര, തലനാട്, തീക്കോയി പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളിൽ മാത്രമാണ് മണ്ണിടിച്ചിൽ ഭീഷണിയുള്ളതെങ്കിലും ഇവിടെ നിന്നൊഴുകുന്ന മലവെള്ളം പടിഞ്ഞാറൻ പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാക്കുമെന്നതാണ് ജനങ്ങളെ ആശങ്കപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മീനച്ചിലാർ കരകവിഞ്ഞ് പടിഞ്ഞാറൻ പ്രദേശങ്ങളിലെ ആയിരക്കണക്കിന് വീടുകളിൽ വെള്ളം കയറിയിരുന്നു. ഇവിടെ ദുരിതാശ്വാസക്യാമ്പുകൾ തുറന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ മുതൽ ജലനിരപ്പ് കുറഞ്ഞതിനെത്തുടർന്ന് ഇന്നലെയോടെ പലരും ക്യാമ്പ് വിട്ട് സ്വന്തം വീടുകളിലേക്ക് മടങ്ങിയിരുന്നു. അതിനിടെ കിഴക്കൻമേഖലയിൽ മഴ ശക്തമായത് പടിഞ്ഞാൻപ്രദേശത്തെ സ്ഥിതി കൂടുതൽ രൂക്ഷമാക്കി. ഇന്നലെ വൈകിട്ടുമുതൽ മീനച്ചിൽ ആറ്റിലെ ജലനിരപ്പ് വീണ്ടും ഉയരുന്ന സ്ഥിതിയാണ്. കുമരകം, അയ്മനം, തിരുവാർപ്പ് പഞ്ചായത്തുകളിലെ മിക്കവാറും പ്രദേശത്ത് ജലനിരപ്പുയർന്നു.

അതേസമയം മലയോരമേഖലയിൽ ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മുൻകരുതൽ നടപടി എന്നനലയിൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയുമാണ്. ചൊവ്വാഴ്ച രാത്രി 9 മുതൽ പുലർച്ചെ വരെ ഈ പ്രദേശങ്ങളിൽ കനത്തമഴയുണ്ടായിരുന്നു. ഇന്നലെയും രാത്രിമഴയ്ക്കുള്ള സാധ്യത പരിഗണിച്ച് കൂട്ടിക്കൽ പഞ്ചായത്തിലെ ദുരന്തസാദ്ധ്യത മേഖലയിൽ നിന്ന് ആളുകൾ ക്യാമ്പിൽ എത്തണമെന്ന് അറിയിച്ചുകൊണ്ട് ആധികൃതർ ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് നൽകിയിരുന്നു. ഏന്തയാർ ജെ.ജെ മർഫി സ്കൂളിലും കൂട്ടിൽ സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിലും ക്യാമ്പുകൾ തുറന്നിട്ടുണ്ട്. പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തലനാട് പഞ്ചായത്തുകളിലും മുൻകരുതൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രമാണിച്ച് ക്യാമ്പ് തുടരുമെന്ന് അധികൃതർ അറിയിച്ചു