തലയോലപ്പറമ്പ്: തലയോലപ്പറമ്പ് വെള്ളൂർ, മറവൻതുരുത്ത്, ചെമ്പ് പഞ്ചായത്തുകളിലായി നൂറ് കണക്കിന് കർഷകർക്കാണ് കനത്ത കൃഷി നാശമുണ്ടായത്. വാഴകൾക്കാണ് ഏറെയും നാശം സംഭവിച്ചത്. പ്രദേശത്ത് കർഷകർ നട്ട 10,000ൽ അധികം ഏത്തവാഴകളാണ് നശിച്ചത്. പൊതി അമർനാഥ് ഭവനിൽ രാജപ്പന്റെ ഒരേക്കറിൽ നട്ട വിവിധയിനം പച്ചക്കറി, രണ്ട് ഏക്കർ കപ്പ കൃഷി, അര ഏക്കർ ഏത്തവാഴകൃഷി എന്നിവ നശിച്ചു. വടയാർ പാലാക്കരൻ ബിബിന്റെ കുലച്ചതും അല്ലാത്തതുമായ 400 ഏത്തവാഴ, തലയോലപ്പറമ്പ് റജി ഭവനിൽ പങ്കജൻ, മാധവമന്ദിരത്തിൽ സനൽകുമാർ, മാലിയേൽ ജോർജ് തുടങ്ങി 30 ഓളം കർഷകരുടെ വിവിധ കാർഷിക വിളകളാണ് കൂടുതലും നശിച്ചത്.വെട്ടിക്കാട്ട് മുക്ക് താഴം തറയിൽ അനിൽകുമാറിന്റെ കുലച്ച 300 ഓളം ഏത്തവാഴ, കായ്ഫഫലമുള്ള 50 കൂറ്റൻ ജാതി മരങ്ങൾ, 200ൽ അധികം പല വാഴകൾ എന്നിവ നശിച്ചു. ഓണവിപണി ലക്ഷ്യമിട്ട് പ്രദേശങ്ങളിൽ കർഷകർ നട്ട ഏത്ത വാഴയും പച്ചക്കറി കൃഷിയും ദിവസങ്ങളോളം വെള്ളം കെട്ടി നിന്നതിനെ തുടർന്ന് ഒടിഞ്ഞ് വീണും ചീഞ്ഞുമാണ് ഏറെയും നശിച്ചത്.മഴക്കൊപ്പം വീശിയ ശക്തമായ കാറ്റിൽ പ്രദേശത്തെ നിരവധി കർഷകരുടെ തെങ്ങ്, റബർ, ജാതി, വാഴ എന്നിവ കടപുഴകിയും ഒടിഞ്ഞും വീണ് നാശം സംഭവിച്ചു. ഓണം വിപണി ലക്ഷ്യമാക്കിവായ്പ എടുത്തും പലിശയ്ക്ക് കടം വാങ്ങിയുമാണ് പലരും കൃഷി ചെയ്തത്. കാർഷിക വിളകൾ നശിച്ചതോടെ ഏറെ സാമ്പത്തിക നഷ്ടം വന്ന കർഷകർ ഇനി എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ്. വിളനാശം സംഭവിച്ച കർഷകർക്ക് അടിയന്തിരമായി ആനുകൂല്യം അനുവദിക്കണമെന്ന് ആവശ്യം ശക്തമാണ്.